കൊച്ചി: മത്സ്യമേഖലയിൽ ഉൾപ്പടെ സ്ത്രീകൾ രാജ്യത്ത് അനുഭവിക്കുന്ന വിവേചനം അപമാനകരമാണെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു. ജൻഡർ ഇൻ അക്വാകൾച്ചർ ആൻഡ് ഫിഷറീസ് ഗ്ലോബൽ കോൺഫറൻസ് കൊച്ചിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പുരാണങ്ങളിലും സ്ത്രീകളെ ബഹുമാനിക്കുന്നതാണ് ഭാരതത്തിന്റെ ചരിത്രം. പക്ഷേ ആധുനികകാലത്ത് സ്ഥിതി വ്യത്യസ്തമാണ്. അനുദിനം വളരുന്ന മത്സ്യബന്ധന വ്യവസായത്തിൽ വലിയ സംഭാവനകൾ നൽകുന്നവരാണ് സ്ത്രീകൾ. മത്സ്യമേഖലയിലെങ്കിലും ഇത്തരം വിവേചനങ്ങൾ അവസാനിപ്പിക്കാനുള്ള ശ്രമങ്ങൾ ഈ സമ്മേളനത്തിലൂടെ സഫലമാക്കാൻ ശ്രമിക്കണമെന്നും ഗവർണർ പറഞ്ഞു. ഫിഷറീസ് ടെക്‌നോളജി അവാർഡ് പ്രശസ്ത ഗവേഷകനും അക്കാഡമീഷ്യനുമായ ഡോ. ടി.കെ. ശ്രീനിവാസ ഗോപാൽ ഗവർണറിൽനിന്ന് ഏറ്റുവാങ്ങി.
മലേഷ്യയിലെ ഏഷ്യൻ ഫിഷറീസ് സൊസൈറ്റി മുൻ ചെയർപേഴ്സൺ ഡോ. മെറിൽ ജെ. വില്യംസ്, ഐ.സി.എ.ആർ സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഫിഷറീസ് ടെക്‌നോളജി ഡയറക്ടർ ഡോ.ജോർജ് നൈനാൻ, ഓർഗനൈസിംഗ് സെക്രട്ടറി, ഡോ. മെറിൽ ജെ. വില്യംസ്, ഡോ. ലീല എഡ്വിൻ, ജെന്നിഫർ, ഡോ. വി. കൃപ, ഡോ. നികിത ഗോപാൽ, ഡോ. ടി. വി ശങ്കർ എന്നിവർ സംസാരിച്ചു.
ഇന്നുമുതൽ മുതൽ 23 വരെ കൊച്ചി ഐ.എം.എ ഹൗസിലാണ് 20 രാജ്യങ്ങളിൽ നിന്നുള്ള മുന്നൂറിലേറെപ്പേർ പങ്കെടുക്കുന്ന സമ്മേളനം.