മട്ടാഞ്ചേരി: അപകട സമയത്ത് കൈത്താങ്ങായി നിന്ന പൂർവ വിദ്യാർത്ഥികളുടെ സൗഹൃദത്തണലിൽ ഉണ്ണിമായയ്ക്ക് താലികെട്ട്. ഉണ്ണിമായയുടെ മംഗല്യത്തിലൂടെ ആറ് വർഷങ്ങൾക്ക് മുമ്പ് നൽകിയ വാക്ക് പാലിച്ചതിന്റെ ചാരിതാർഥ്യവും കൊച്ചിൻ കോളേജ് അലൂമ്നി അസോസിയേഷൻ പ്രവർത്തകരെ തേടിയെത്തി.
എഴുപുന്ന ചിറയിൽ പറമ്പിൽ പരേതരായ സി.ആർ.ബാബു-രശ്മി ദമ്പതികളുടെ മകളാണ് ഉണ്ണിമായ. 2016 ൽ കൊച്ചിൻ കോളേജിൽ അവസാന വർഷ ബികോം വിദ്യാർത്ഥിയായിരിക്കെ എഴുപുന്ന റയിൽവേ സ്റ്റേഷന് സമീപംവച്ച് ഉണ്ണിമായയ്ക്കും അമ്മ രശ്മിക്കും പാമ്പ് കടിയേറ്റിരുന്നു. കടിയേറ്റ ദിവസം തന്നെ അമ്മ മരിച്ചു. സഹോദരൻ വിഷ്ണു അന്ന് ഐ.ടി.ഐ വിദ്യാർത്ഥിയായിരുന്നു.ഗുരുതരാവസ്ഥയിലായ ഉണ്ണിമായയെ സഹായിക്കാൻ മുൻ ജനറൽ സെക്രട്ടറി ടി.പി. സലീം കുമാറിന്റെ നേതൃത്വത്തിൽ കൊച്ചിൻ കോളേജ് അലൂമ്നി അസോസിയേഷന്റെ രംഗത്തെത്തി. ഉണ്ണിമായയുടെ ചികിത്സയ്ക്കും തുടർപഠനത്തിനും കൈത്താങ്ങായി പൂർവ വിദ്യാർത്ഥി സംഘടന മാറുകയും ചെയ്തു. പിന്നീട് ഉണ്ണിമായയുടെ പിറന്നാൾ ദിനങ്ങളും ഓണം,വിഷു എന്നിവ പോലുള്ള വിശേഷ ദിവസങ്ങളും അസോസിയേഷൻ പ്രവർത്തകരോടൊപ്പമായിരുന്നു. വിവാഹം വരെയുള്ള സംരക്ഷണം തങ്ങൾ ഏറ്റെടുക്കുകയാണെന്ന അസോസിയേഷൻ ഭാരവാഹികളുടെ വാക്ക് യാഥാർത്ഥ്യമാക്കി ശ്രീനാരായണ പുരം മഹാവിഷ്ണു ക്ഷേത്ര ഓഡിറ്റോറിയത്തിൽവച്ച് ചേർത്തല കഞ്ഞിക്കുഴി തകിടി കണ്ടത്തിൽ അശോകൻ- അജിത ദമ്പതികളുടെ മകൻ അർജുനാണ് ഇന്നലെ ഉണ്ണിമായയുടെ കഴുത്തിൽ താലി ചാർത്തിയത്. മാതാപിതാക്കൾ ജീവിച്ചിരിക്കെ ഉറപ്പിച്ച വിവാഹം പൂർവ വിദ്യാർത്ഥി അസോസിയേഷന്റെ തണലിലായതിൽ സന്തോഷവതിയാണ് ഉണ്ണിമായ. കൂടപ്പിറപ്പിന്റെ വിവാഹം എന്ന പോലെയാണ് അലൂമ്നി അസോസിയേഷൻ പ്രവർത്തകർ ചടങ്ങുകളിൽ പങ്കാളികളായത്.