കൊച്ചി: മരടിൽ റിട്ട. കസ്റ്റംസ് സൂപ്രണ്ട് ജോർജ് പുല്ലാട്ടിന്റെ വീട്ടുമുറ്റത്തെ നാടൻ തെങ്ങ് പ്രതിവർഷം 500നുമേൽ നാളികേരവുമായി വാർത്തയിൽ ഇടംപിടിച്ചതിന് പിന്നാലെ കൊച്ചി നഗരത്തിലും ഒരു ഒറ്റതെങ്ങ് വിളവിപ്ലവം. നഗരമദ്ധ്യത്തിലെ കാരിക്കാമുറിയിൽ റിട്ട. എംപ്ലോയ്മെന്റ് ഓഫീസർ വെള്ളാങ്ങിൽ വി.കെ.കൃഷ്ണൻ അയൽവാസിയും സുഹൃത്തുമായ ചെമ്പകശേരി സി.വി.ശശിധരന്റെ പുരയിടത്തിൽ നട്ടുവളർത്തിയ തെങ്ങാണ് വർഷം ശരാശരി 450 തേങ്ങയുമായി മരടിലെ തെങ്ങുമായി ഇഞ്ചോടിഞ്ച് പൊരുതി മുന്നേറുന്നത്.
കായ്ച്ച് തുടങ്ങിയിട്ട് രണ്ടുവർഷമേ ആയിട്ടുള്ളു. 20 - 30 കായ്കളുമായി 15 -18 കുലകലാണ് ഇതുവരെ കിട്ടിയ വിളവ്. പ്രത്യേകിച്ച് വളപ്രയോഗമൊ പരിചരണമൊ ഇല്ലെന്നുമാത്രമല്ല, മനഃപൂർവമല്ലാത്തൊരു പരിക്കും തെങ്ങിനേറ്റിട്ടുണ്ട്. വീട്ടിലെ ചപ്പുചവറുകൾ പുറത്തിട്ട് കത്തിച്ചപ്പോൾ തെങ്ങിന്റെ ചുവട്ടിൽനിന്ന് ഒരുമീറ്ററോളം ഉയരത്തിൽ തടിക്ക് പൊള്ളലേൽക്കുകയായിരുന്നു. എന്നാലും വിത്തുഗുണം പത്തുഗുണമെന്ന പഴഞ്ചൊല്ലിനെ അന്വർത്ഥമാക്കി തെങ്ങ് അതിന്റെ ധർമ്മം പാലിച്ചു.
8 വർഷം മുമ്പ് ജില്ല അഗ്രി ഹോർട്ടികൾച്ചർ സൊസൈറ്റിയിൽ നിന്ന് വാങ്ങിയ ആന്ധ്രാ തെങ്ങാണ് താരം. തൈവാങ്ങി വീട്ടിൽ കൊണ്ടുവന്നപ്പോഴാണ് നട്ടുവളർത്താൻ മതിയായ സ്ഥലമില്ലെന്ന് യാഥാർത്ഥ്യം കൃഷ്ണന് ഓർമ്മവന്നത്. അയൽവാസിയും ഉറ്റമിത്രവുമായ ശശിധരനോട് കാര്യം പറഞ്ഞപ്പോൾ തെങ്ങുനടാൻ ഇടം സൗജന്യമായി വിട്ടുനൽകി. അങ്ങനെ പരസ്പരസഹായ പദ്ധതിയായി തൈ നട്ടിട്ടുപോയതല്ലാതെ ഇരുവരും പിന്നീട് തിരിഞ്ഞുനോക്കിയില്ല. പ്രകൃതിയുടെ കാരുണ്യംകൊണ്ട് തനിയെ വളർന്ന് പ്രായപൂർത്തിയായപ്പോൾ കായ്ച്ചുതുടങ്ങിയ തെങ്ങ് അക്ഷരാർത്ഥത്തിൽ എല്ലാവരെയും അമ്പരിപ്പിച്ചു.
കൃഷിഭൂമിയിൽ കോൺക്രീറ്റ് മന്ദിരങ്ങൾ പണിതും നഷ്ടക്കണക്ക് പറഞ്ഞും കൃഷി പാടേ ഉപേക്ഷിച്ച് കാലം കഴിക്കുന്ന മലയാളിക്ക് പ്രകൃതി നൽകുന്ന കാരുണ്യമാകാം മരടിലെയും കാരിക്കാമുറിയിലെയും ഈ കേരവിപ്ലവമെന്നേ കരുതാനാകൂ. രണ്ടിടത്തും തെങ്ങിന്റെ അത്ഭുതകേരത്തിന്റെ വിത്തുതേങ്ങ ആവശ്യക്കാർക്ക് നൽകാൻ ഉടമസ്ഥർ സന്നദ്ധരാണെന്ന സന്തോഷ വാർത്തയുമുണ്ട്.