fg

കൊച്ചി: കർഷകരിൽ നിന്ന് നെല്ലുശേഖരിക്കുമ്പോൾ ഗുണനിലവാരം ഉറപ്പാക്കാൻ ശാസ്ത്രീയമായരീതി സ്വീകരിക്കണമെന്ന് ഹൈക്കോടതി സപ്ളൈകോയ്ക്ക് നിർദ്ദേശം നൽകി.കോട്ടയം ആർപ്പൂക്കര കൃഷിഭവന്റെ പരിധിയിലുള്ള പാഴോട്ടുമേക്കിരി പാടശേഖരത്തുനിന്ന് നെല്ലു സംഭരിച്ചതിലെ പോരായ്മകൾ ചൂണ്ടിക്കാട്ടി നെൽകർഷകൻ കോട്ടയം വില്ലോന്നി സ്വദേശി സജി എം. എബ്രഹാം നൽകിയ ഹർജിയിൽ ജസ്റ്റിസ് വി.ജി. അരുണിന്റെ ബെഞ്ചാണ് നിർദ്ദേശം നൽകിയത്.ഹർജിക്കാരന്റെ പക്കൽനിന്ന് 1551 കിലോ നെല്ലുശേഖരിച്ചപ്പോൾ ഗുണനിലവാരം വിലയിരുത്തി 44 കിലോ കുറവുവരുത്തി. ഇതിനെയാണ് ഹർജിക്കാരൻ ചോദ്യംചെയ്തത്.ഉദ്യോഗസ്ഥരാണ് ഗുണനിലവാരം ഉറപ്പാക്കുന്നതെന്നും മില്ലുകളുമായി ഉണ്ടാക്കിയ കരാർ അനുസരിച്ച് കൊടുക്കുന്ന നെല്ലിന്റെ 68ശതമാനം അരി മാത്രമാണ് തിരിച്ചുകിട്ടുന്നതെന്നും സപ്ളൈകോ വിശദീകരിച്ചു.ഗുണനിലവാരവും തൂക്കവും കൃത്യമായി ഉറപ്പാക്കിയില്ലെങ്കിൽ സപ്ളൈകോയ്ക്ക് നഷ്ടമുണ്ടാകുമെന്നും വ്യക്തമാക്കി.