p

കൊച്ചി: പെരിയയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷിനെയും ശരത്‌ലാലിനെയും കൊലപ്പെടുത്തിയ കേസിൽ ഒന്നാംപ്രതിയായ സി.പി.എം നേതാവിന് വിചാരണക്കോടതി അറിയാതെ കണ്ണൂർ ജില്ലാ ആയുർവേദ ആശുപത്രിയിൽ ചികിത്സ നൽകിയ സംഭവത്തിൽ കണ്ണൂർ സെൻട്രൽ ജയിൽ സൂപ്രണ്ട് ഇന്ന് കോടതിയിൽ ഹാജരായി വിശദീകരണം നൽകണം. കേസിൽ വിചാരണയുടെ ചുമതലയുള്ള എറണാകുളം സി.ബി.ഐ കോടതിയാണ് ജയിൽ സൂപ്രണ്ട് നേരിട്ട് ഹാജരാകാൻ ഉത്തരവിട്ടത്.

ഒക്ടോബർ 19 നാണ് പീതാംബരന് ചികിത്സ വേണമെന്ന് ജയിൽ ഡോക്ടർ റിപ്പോർട്ട് നൽകിയത്. അതിനുശേഷം മെഡിക്കൽ ബോർഡ് രൂപീകരിച്ച് 40 ദിവസം ചികിത്സ നൽകുന്നതിന് ജയിൽ സൂപ്രണ്ടിന്റെ നേതൃത്വത്തിൽ പീതാംബരനെ ജില്ലാ ആയുർവേദ ആശുപത്രിയിലേക്ക് മാറ്റി. എന്നാൽ ഇത് കോടതിയെ അറിയിച്ചില്ല. സി.ബി.ഐയാണ് ഇക്കാര്യം വിചാരണക്കോടതിയെ അറിയിച്ചത്. തുടർന്നാണ് സെൻട്രൽ ജയിൽ സൂപ്രണ്ട് ഇന്ന് ഹാജരാകാൻ കോടതി നിർദ്ദേശിച്ചത്.