മൂവാറ്റുപുഴ: കൊച്ചി കോർപ്പറേഷന് കീഴിലെ ബ്രഹ്മപുരം മാലിന്യ സംസ്കരണപ്ളാന്റ് പ്രവർത്തിപ്പിക്കാനുള്ള കരാർ നൽകിയതിനെക്കുറിച്ച് ത്വരിതാന്വേഷണം നടത്താൻ മൂവാറ്റുപുഴ വിജിലൻസ് കോടതി ഉത്തരവിട്ടു.

കളമശേരിയിലെ സ്റ്റാർ കൺസ്ട്രക്ഷൻ കമ്പനിക്ക് കരാർ നൽകിയതിൽ അഴിമതി ആരോപിച്ച് അഡ്വ.ജി.സുരേഷ് മുഖേന കളമശേരി സ്വദേശി ഗിരീഷ് ബാബു നൽകിയ ഹർജിയിലാണ് വിജിലൻസ് ജഡ്ജി പി.പി. സൈതലവിയുടെ ഉത്തരവ്. കൊച്ചി നഗരസഭാ സെക്രട്ടറി എ.എസ്.നൈസാം, സൂപ്രണ്ടിംഗ് എൻജിനിയർ കെ.ബോബൻ, കമ്പനി ഉടമകളായ സേവി ജോസഫ്, സക്കീർ ബാബു തുടങ്ങിയവരെ എതിർ കക്ഷികളാക്കിയാണ് ഹർജി.

രണ്ടുമാസത്തിനകം അന്വേഷണം പൂർത്തിയാക്കി ജനുവരി 18നകം റിപ്പോർട്ട് സമർപ്പിക്കാൻ എറണാകുളം വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോയ്ക്ക് നിർദേശം നൽകി.

പ്ളാന്റ് രണ്ടുവർഷത്തേക്ക് പ്രവർത്തിപ്പിക്കാൻ 2021 ഏപ്രിൽ 21നാണ് നഗരസഭ ടെൻഡർ ക്ഷണിച്ചത്. മലപ്പുറം, ഒറ്റപ്പാലം നഗരസഭകളിൽ ഖരമാലിന്യ സംസ്കരണ പ്രവൃത്തിപരിചയം ഉണ്ടെന്ന് വ്യക്തമാക്കിയാണ് സ്റ്റാർ കൺസ്ട്രക്ഷൻ കരാർ ഉറപ്പിച്ചതെന്ന് ഹർജിയിൽ പറയുന്നു. കമ്പനി നൽകിയ രേഖകൾ വ്യാജമാണെന്ന് ഹർജിയിൽ ആരോപിക്കുന്നു. മൂന്നു വർഷത്തെ പ്രവൃത്തിപരിചയമുണ്ടെന്ന കമ്പനിയുടെ വാദം ശരിയല്ലെന്നും കരാർ ഇവർക്കു നൽകിയതിൽ അഴിമതി ഉണ്ടെന്നുമാണ് ഹർജിയിലെ വാദം.

വിവാദമായതോടെ രണ്ടുവർഷത്തെ കരാർ ഒരുവർഷമാക്കാൻ ശ്രമിച്ചെന്നും ഇതിന്റെ ഭാഗമായി കഴിഞ്ഞ മാർച്ചിലുണ്ടാക്കിയ കരാറിൽ നഗരസഭാ സെക്രട്ടറി ഒപ്പിട്ടെന്നും ഹർജിക്കാരൻ ചൂണ്ടിക്കാട്ടി.