പറവൂർ: പുല്ലംകുളം സ്കൂൾ മുതൽ പെരുവാരം ക്ഷേത്രം വരെയുള്ള റോഡിൽ സ്വകാര്യ ബസുകളുടെ അമിതവേഗം അപകട ഭീതിയുയർത്തുന്നു. ട്രാഫിക് പരിഷ്കരണത്തിന്റെ ഭാഗമായാണ് സ്വകാര്യ ബസുകൾക്ക് ഈ റോഡിൽ യാത്ര അനുവദിച്ചത്.

പുല്ലംകുളം സ്കൂളിലേക്ക് പോകുന്ന വിദ്യാർത്ഥികളെയും മണ്ഡലകാലമായതോടെ പെരുവാരം ക്ഷേത്രത്തിൽ വരുന്ന ഭക്തരെയും ബസുകളുടെ അമിതവേഗം ഭീതിയിലാഴ്ത്തുകയാണ്. അമിതവേഗം അധികൃതർ നിയന്ത്രിച്ചില്ലെങ്കിൽ ബസുകൾ തടയുമെന്ന് യുവമോർച്ച മണ്ഡലം പ്രസിഡന്റ് അജിൽ വരിക്കാശേരി പറഞ്ഞു. ഇതുസംബന്ധിച്ച് മോട്ടോർ വാഹനവകുപ്പിനും പൊലീസിലും പരാതി നൽകാനാണ് പ്രദേശവാസികളുടെ തീരുമാനം.