മൂവാറ്റുപുഴ: ഉതുമ്പേലി തണ്ട് ഹരിജൻ കോളനി കുടിവെള്ള പദ്ധതിയുടെ പുതുക്കിയ എസ്റ്റിമേറ്റ് അടിയന്തരമായി സമർപ്പിക്കാൻ മന്ത്രിയുടെ നിർദ്ദേശം. ആവോലി പഞ്ചായത്ത് രണ്ടാം വാർഡിലെ പദ്ധതിയുടെ എസ്റ്റിമേറ്റ് പുതുക്കാൻ പട്ടികജാതി വകുപ്പ് ഡയറക്ടറോടാണ് വകുപ്പ് മന്ത്രി കെ.രാധാകൃഷ്ണൻ നിർദേശിച്ചത്. മന്ത്രിയെ നേരിൽ കണ്ട് പ്രദേശവാസികൾ നൽകിയ നിവേദനത്തെ തുടർന്നാണ് നടപടി.
പതിറ്റാണ്ടുകളായി രൂക്ഷമായ കുടിവെള്ള ക്ഷാമം നേരിടുന്ന പ്രദേശമാണ് ഉതുമ്പേലി തണ്ട് ഹരിജൻ കോളനി. 2019 ൽ നാട്ടുകാർ അന്നത്തെ വകുപ്പ് മന്ത്രി എ.കെ.ബാലനെ നേരിൽക്കണ്ട് നിവേദനം നൽകിയതിനെ തുടർന്ന് പദ്ധതിക്കായി 40 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് തയാറാക്കി സർക്കാരിന് സമർപ്പിച്ചിരുന്നു. എന്നാൽ പഴയ ഡി.എസ്.ആർ നിരക്കിൽ എസ്റ്റിമേറ്റ് സമർപ്പിച്ചതിനാൽ സർക്കാർ തീരുമാനം വൈകുകയായിരുന്നു.