
മൂവാറ്റുപുഴ: ഹിന്ദു ഐക്യവേദി മൂവാറ്റുപുഴ താലൂക്ക് അദ്ധ്യക്ഷനായിരുന്ന മുരളി മോഹനന്റെ സ്മരണാർത്ഥം കുടുംബം ഏർപ്പെടുത്തിയിട്ടുള്ള കർമ്മയോഗി പുരസ്കാരത്തിന് കലാകാരനും സാമൂഹ്യ പ്രവർത്തകനുമായ നാട്യാലയ കെ.രവികുമാർ അർഹനായി. ഡോ.എം.പി.അപ്പു ചെയർമാനും പ്രൊഫ.ഇ.വി.നാരായണൻ, ഡി. രാധാകൃഷ്ണൻ, ശ്രീജിത്ത് മോഹൻ, എസ്.സന്തോഷ്, പി.കെ. സത്യൻ എന്നിവർ അംഗങ്ങളുമായ പുരസ്കാര നിർണയ സമിതിയാണ് കെ. രവികുമാറിനെ അവാർഡിന് തിരഞ്ഞെടുത്തത്. ഡിസംബർ 4ന് വൈകിട്ട് 4 മണിക്ക് ഹിന്ദു ഐക്യവേദിയുടെ ആഭിമുഖ്യത്തിൽ മൂവാറ്റുപുഴ അർബൻ ബാങ്ക് ഓഡിറ്റോറിയത്തിൽ ചേരുന്ന യോഗത്തിൽ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് സൈന്റിഫിക് ഹെറിറ്റേജ് ഡയറക്ടർ ഡോ.എൻ.ഗോപാലകൃഷ്ണൻ പുരസ്കാര സമർപ്പണം നടത്തും. ഹിന്ദു ഐക്യവേദി സംസ്ഥാന വക്താവ് ആർ.വി.ബാബു വിശിഷ്ടാതിഥിയാകും.