jose-mavely
സംസ്ഥാന മാസ്റ്റേഴ്‌സ് ചാമ്പ്യൻഷിപ്പിൽ മൂന്ന് മെഡലുകൾ നേടിയ ജോസ് മാവേലി

ആലുവ: സംസ്ഥാന മാസ്റ്റേഴ്‌സ് ചാമ്പ്യൻഷിപ്പിൽ ദേശീയ സീനിയർ വെറ്ററൻ ചാമ്പ്യൻ ജോസ് മാവേലി മൂന്ന് മെഡലുകൾ കരസ്ഥമാക്കി. നവംബർ 19, 20 തിയതികളിൽ പാലായിൽ നടന്ന 41-ാമത് മീറ്റിൽ 70+ വിഭാഗത്തിൽ എറണാകുളം ജില്ലയ്ക്കുവേണ്ടി 80 മീറ്റർ ഹർഡിൽസിൽ സ്വർണവും 100, 800 മീറ്റർ ഓട്ടത്തിൽ വെള്ളിയുമാണ് ജോസ് മാവേലി നേടിയത്. 2023ൽ ഫെബ്രുവരിയിൽ ഹരിയാനയിൽ നടക്കുന്ന നാഷണൽ മീറ്റിൽ പങ്കെടുക്കാനും അദ്ദേഹം യോഗ്യത നേടി.

കഴിഞ്ഞ ജൂലൈയിൽ ഡൽഹിയിൽ നടന്ന ഖേലോ മാസ്റ്റേഴ്‌സ് മീറ്റിൽ 70+ വിഭാഗത്തിൽ നാല് മെഡലുകൾ നേടി ജോസ് മാവേലി തുടർച്ചയായി നാലാം തവണയും ദേശീയ ചാമ്പ്യൻ പട്ടം നിലനിർത്തിയിരുന്നു. 2021 നവംബറിൽ മഹാരാഷ്ട്ര ആതിഥ്യം വഹിച്ച നാഷണൽ വെറ്ററൻസ് സ്‌പോട്‌സ് ആൻഡ് ഗെയിംസിലും രണ്ട് സ്വർണമടക്കം നാല് മെഡലുകൾ നേടി ദേശീയ ചാമ്പ്യനായി.

2019ൽ ഗോവയിൽ നടന്ന യുണൈറ്റഡ് നാഷണൽ ഗെയിംസിലും ജോസ് മാവേലി 100, 200, 400 മീറ്റർ ഓട്ടത്തിൽ സ്വർണമെഡലുകൾ സ്വന്തമാക്കുകയുണ്ടായി. 2011ൽ ചണ്ഡീഗഢിൽ നടന്ന നാഷണൽ മാസ്റ്റേഴ്‌സ് മീറ്റിൽ 100, 200 മീറ്റർ ഓട്ടത്തിലും 300 മീറ്റർ ഹർഡിൽസിലും സ്വർണം സ്വന്തമാക്കിയതും നേട്ടങ്ങളിൽപ്പെടുന്നു.

നേരത്തെ മൂന്ന് തവണ ദേശീയ ചാമ്പ്യനായി. 2004ൽ തായ്‌ലൻഡിൽ നടന്ന മീറ്റിൽ ഏഷ്യയിലെ ഏറ്റവും വേഗതയേറിയ വെറ്ററൻ ഓട്ടക്കാരൻ എന്ന പദവിയും കരസ്ഥമാക്കി. 2006ലെ ബംഗളൂരു ഏഷ്യൻമീറ്റിൽ 100 മീറ്ററിൽ വെള്ളിയും 2010ൽ മലേഷ്യയിൽ നടന്ന ഏഷ്യൻ മീറ്റിൽ വെങ്കലവും കരസ്ഥമാക്കി.
തെരുവിൽ അലയുന്ന കുട്ടികൾക്കുവേണ്ടി 1996 ൽ തുടങ്ങിയ ജനസേവ ശിശുഭവന്റെ സ്ഥാപകനും മുൻചെയർമാനുമാണ് ജോസ് മാവേലി.