cr

പള്ളുരുത്തി: പെരുമ്പടപ്പിൽ വീണ്ടും ഗുണ്ടാ വിളയാട്ടം. ആറ് പേർ ചേർന്ന് ഒരാളെ മർദ്ദിച്ച് അവശനാക്കി. ഊരാളക്കം ശേരി ക്ഷേത്രത്തിനു സമീപം താമസിക്കുന്ന സോണി ജോസഫാണ് (37) തോളെല്ല് ഒടിഞ്ഞ നിലയിൽ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നത്. ഞായറാഴ്ച സന്ധ്യയോടെയാണ് സംഭവം. സോണിയുടെ വീട്ടിൽ നടന്ന കുട്ടിയുടെ പേരിടൽ ചടങ്ങിനെത്തിയ ബന്ധുവിനെ ബൈക്കിൽ ബസ് സ്റ്റോപ്പിൽ എത്തിക്കുന്നതിനിടെ സൈക്കിൾ യാത്രക്കാരനെ തട്ടിയതിനെ തുടർന്ന് വാക്കുതർക്കം ഉണ്ടാകുകയായിരുന്നു. തുടർന്ന് പെരുമ്പടപ്പ് സ്റ്റാൻഡിൽ കൂടി നിന്ന ഒരു സംഘം യുവാക്കൾ സോണിയെ മർദ്ദിച്ചതായി പള്ളുരുത്തി പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. എസ്.ഐ. സുനിലിന്റെ നേതൃത്വത്തിൽ സോണിയുടെ മൊഴി രേഖപ്പെടുത്തി കേസെടുത്തു. പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കിയതായി എസ്.ഐ പറഞ്ഞു.