norka
എറണാകുളം താജ് ഗേറ്റ് വേ ഹോട്ടലിൽ നോർക്ക കരിയർ ഫെയർ നോർക്ക റൂട്ട്‌സ് റസിഡന്റ് വൈസ് ചെയർമാൻ പി. ശ്രീരാമകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു.നോർക്ക റൂട്ട്‌സ് ജനറൽ മാനേജർ അജിത്ത് കോളശ്ശേരി,നാവിഗോ ഡെപ്പ്യൂട്ടി ചീഫ് എക്‌സിക്യൂട്ടീവ് മൈക്ക് റീവ്,ഹമ്പർ ആന്റ് നോർത്ത് യോർക്ക്‌ഷെയർ ഹെൽത്ത് ആന്റ് കെയർ പാർട്ട്ണർഷിപ്പിന്റെ സ്ട്രാറ്റജിക്ക് കൾച്ചറൽ ആന്റ് വർക്ക് ഫോഴ്‌സ് ലീഡ് കാത്തി മാർഷല എന്നിവർ സമീപം.

കൊച്ചി: യു.കെയിലേയ്ക്ക് തൊഴിൽ തേടുന്ന ഉദ്യോഗാർത്ഥികൾക്ക് പുതിയ തൊഴിൽ ജാലകങ്ങൾ തുറന്നു കൊടുക്കാൻ നോർക്ക യു.കെ കരിയർ ഫെയറിന് കഴിയുമെന്ന് നോർക്ക റൂട്ട്സ് റസിഡന്റ് വൈസ് ചെയർമാൻ പി. ശ്രീരാമകൃഷ്ണൻ പറഞ്ഞു. എറണാകുളം താജ് ഗേറ്റ് വേ ഹോട്ടലിൽ നടക്കുന്ന നോർക്ക -യു.കെ കരിയർ ഫെയർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മുഖ്യമന്ത്രിയുടെ ലണ്ടൻ സന്ദർശനത്തിനിടയിൽ ഒപ്പുവച്ച ധാരണാ പത്രത്തിന്റെ ഭാഗമായ യു.കെ റിക്രൂട്ട്‌മെന്റിന്റെ ആദ്യ ഘട്ടമാണ് അഞ്ചു ദിവസങ്ങളായി കൊച്ചിയിൽ നടക്കുക. ആദ്യമായാണ് ഇത്രത്തോളം വ്യവസ്ഥാപിതമായതും ബൃഹത്തുമായ തൊഴിൽ മേള നേർക്കയുടെ ആഭിമുഖ്യത്തിൽ നടക്കുന്നത്. കുടിയേറ്റത്തിന്റെ പുതിയ ചവിട്ടുപടിയാകാൻ കരിയർ ചെയർ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ആരോഗ്യം, ഹോസ്പിറ്റാലിറ്റി മേഖലകളിൽ മൂവായിരത്തോളം തൊഴിലവസരങ്ങൾ ഇതുവഴി ഉറപ്പുവരുത്തും. പല ഘട്ടങ്ങളിലായാണ് റിക്രൂട്ട്മെന്റ് നടക്കുന്നത്. യു.കെയുമായി ഇന്ത്യയിൽ നിന്ന് ആദ്യമായി ഏർപ്പെടുന്ന കരാർ എന്ന നിലയിൽ ഇത് വളരെ പ്രാധാന്യമുള്ളതാണെന്നും കൂടുതൽ മേഖലകളിലേക്ക് ഇതു വ്യാപിപ്പിക്കുമെന്നും പി. ശ്രീരാമകൃഷ്ണൻ പറഞ്ഞു.
കേരളവുമായി ഇത്തരത്തിലൊരു കരാറിലേർപ്പെടാൻ കഴിഞ്ഞത് വലിയ അംഗീകാരമായി കാണുന്നുവെന്ന് ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തിയ നാവിഗോ ഡെപ്യൂട്ടി ചീഫ് എക്‌സിക്യൂട്ടീവ് മൈക്ക് റീവ് പറഞ്ഞു. ഏറെ ക്രിയാത്മകമായ പങ്കാളിത്തമാണ് കരാറിലൂടെ സാദ്ധ്യമായത്. അറിവും തൊഴിൽ നൈപുണ്യവും പരസ്പരം പങ്കിടാനുള്ള അവസരമാണ് ഇതുവഴി ലഭ്യമാകുന്നതെന്നും അദ്ദേഹം പറഞ്ഞു.
നോർക്ക റൂട്ട്‌സ് ജനറൽ മാനേജർ അജിത്ത് കോളശ്ശേരി, ഹമ്പർ ആൻഡ് നോർത്ത് യോക്ക്‌ഷെയർ ഹെൽത്ത് ആൻഡ് കെയർ പാർട്ട്ണർഷിപ്പിന്റെ സ്ട്രാറ്റജിക്ക് കൾച്ചറൽ ആൻഡ് വർക്ക് ഫോഴ്‌സ് ലീഡ് കാത്തി മാർഷൽ എന്നിവർ സംസാരിച്ചു. കരിയർ ഫെയർ 25 ന് അവസാനിക്കും