ആലുവ: ജില്ലയിലെ പ്രധാന ശുദ്ധജല തടാകമായ തുമ്പിച്ചാലിലെ മത്സ്യക്കുരുതിക്ക് കാരണം രാസമാലിന്യമാണെന്ന് വിലയിരുത്തൽ. പരിസ്ഥിതി മലിനീകരണ നിയന്ത്രണ ബോർഡ് ഉദ്യോഗസ്ഥർ ഇന്നലെ സ്ഥലത്തെത്തി നടത്തിയ പരിശോധനയിലാണ് രാസമാലിന്യത്തിന്റെ അളവ് വ്യക്തമായത്.
ഞായറാഴ്ച രാവിലോടെയാണ് ജലസംഭരണിയിലെ മത്സ്യങ്ങൾ കൂട്ടത്തോടെ ചത്തത്. വെള്ളത്തിന് കടുത്ത നിറവ്യത്യാസമുണ്ടാകുകയും ചെയ്തിരുന്നു. കീഴ്മാട് പഞ്ചായത്ത് അധികൃതർ ആവശ്യപ്പട്ടതനുസരിച്ചാണ് പി.സി.ബി ഉദ്യോഗസ്ഥരെത്തിയത്. ഞായറാഴ്ച്ച പലവട്ടം ഉദ്യോഗസ്ഥരെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും നടന്നില്ല. സംഭവം വിവാദമായതോടെ ഇന്നലെ രാവിലെ തന്നെ ഉദ്യോഗസ്ഥർ പരിശോധന നടത്തിയത്. വിദഗ്ധ പരിശോധനയ്ക്കായി തുമ്പിച്ചാലിലെ ജല സാമ്പിളുകൾ ശേഖരിച്ചിട്ടുണ്ട്. തുമ്പിച്ചാലിലേക്ക് വെള്ളം ഒഴുകിയെത്തുന്ന ചെറുക്കേലി നടക്ക് സമീപത്തെ തോട്ടിലും നാലാംമൈൽ വ്യവസായ മേഖലയിൽ നിന്നും ഉദ്യോഗസ്ഥർ സാമ്പിളുകൾ ശേഖരിച്ചിട്ടുണ്ട്.
വ്യവസായ മേഖലയ്ക്ക് സമീപത്തെ ചില ഭാഗങ്ങളിൽ മരങ്ങളും പുല്ലുകളെല്ലാം കരിഞ്ഞുണങ്ങിയ നിലയിലാണ്. ഇവിടങ്ങളിൽ നിന്നെടുത്ത സാമ്പിളുകളിലെ വിശദപരിശോധനയ്ക്ക് ശേഷമേ യഥാർത്ഥ കാരണം വ്യക്തമാകുകയുള്ളൂവെന്ന് പി.സി.ബി ഉദ്യോഗസ്ഥർ പറഞ്ഞു. ഇവരോടൊപ്പം കീഴ്മാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സതി ലാലുവും മറ്റ് അംഗങ്ങളും ഉണ്ടായിരുന്നു. ചെറുക്കേലി നടയ്ക്ക് സമീപത്തെ തോട്ടിലെ പുല്ലും പായലുകളും കരിഞ്ഞുണങ്ങിയിട്ടുണ്ട്. ഇവിടെ നാടൻ മത്സ്യങ്ങളായ കാരി, ബ്രാൽ തുടങ്ങിയവയും ചത്തുപൊങ്ങിയിട്ടുണ്ട്. തോട്ടിൽ ഇറങ്ങുന്നവർക്ക് കടുത്ത പുകച്ചിലും അനുഭവപ്പെടുന്നു.
താമരകളും കരിയുന്നു
തുമ്പിച്ചാലിലെ മത്സ്യങ്ങൾക്ക് പുറമേ താമരകളും നശിക്കുന്നു. മൂന്നുമാസം മുമ്പാണ് കീഴ്മാട് പഞ്ചായത്ത് അധികൃതർ തിരുനാവായ സന്ദർശിച്ച് താമര ഹാജിയുടെ താമരപ്പാടത്തിൽ നിന്ന് വള്ളികൾ തുമ്പിച്ചാലിൽ നിക്ഷേപിച്ചത്. ഇത് പടർന്ന് പന്തലിച്ച് പൂവിടുകയായിരുന്നു. തുമ്പിച്ചാലിൽ രാസമാലിന്യം കലർന്നതോടെ താമരപ്പൂവും ഇലകളും കരിഞ്ഞുണങ്ങിയ നിലയിലായി. 15 വർഷങ്ങൾക്ക് ശേഷമാണ് തുമ്പിച്ചാലിൽ താമര വിരിഞ്ഞത്.