കോതമംഗലം: ആദ്യദിനം നടന്ന 100മീറ്റർ സ്പ്രിന്റ് ഇനത്തിൽ കോതമംഗലം മാർ ബേസിൽ ഗവ.എച്ച്.എസ്.എസിലെ ജാസിം ജെ.റസാഖും എറണാകുളം ഗവ. ഗേൾസ് എച്ച്.എസ്.എസിലെ അനീറ്റ മരിയ ജോണും വേഗമേറിയ താരങ്ങളായി.
കടുകുമണി വ്യത്യാസത്തിലാണ് ഭാഗ്യം ജാസിമിനൊപ്പം നിന്നത്. ജൂനിയർ വിഭാഗത്തിൽ ജാസിം 11.27 സെക്കൻഡിൽ സ്വർണത്തിൽ മുത്തമിട്ടപ്പോൾ സീനിയർ വിഭാഗത്തിൽ സ്വർണം നേടിയ ഏലൂർ ഗവൺമെന്റ് എച്ച്.എസ്.എസിലെ മുഹമ്മദ് മിറാസിന് വേണ്ടി വന്നത് 11.66 സെക്കൻഡ്. സീനിയർ താരത്തെ ജൂനിയർ താരം മറികടന്നെന്ന പ്രത്യേകതയോടെയാണ് ജാസിം വേഗതാരമായത്. 12.93 സെക്കൻഡിലാണ് അനീറ്റ മരിയ ജോൺ 100മീറ്ററിന്റെ ഫിനിഷിംഗ് ലൈൻ കടന്നത്.
കായികാദ്ധ്യപിക ഷിബി മാത്യൂവിന്റെ ശിക്ഷണം തേടി ഈ വർഷമാണ് മൂവാറ്റുപുഴ സ്വദേശിയായ ജാസിം മാർ ബേസിലിൽ എത്തിയത്. പഠനം കാസർഗോഡായിരുന്ന ജാസിം 2021ൽ അവിടെ ഒന്നിലേറെ വിഭാഗങ്ങളിൽ സ്വർണം നേടിയിരുന്നു. 2018ലെ ജില്ലാ കായികമേളയിൽ കുറിച്ച 13.02 എന്ന മികച്ച വ്യക്തിഗത സമയമാണ് അനീറ്റ തിരുത്തിയത്.