കൊച്ചി: സമരരംഗത്തുള്ള സ്വിഗ്ഗി തൊഴിലാളികളും അയൽസംസ്ഥാനങ്ങളിൽനിന്ന് മാനേജ്മെന്റ് കൊണ്ടുവന്നവരും തമ്മിൽ തൃപ്പൂണിത്തുറയിൽ സംഘർഷം. മാനേജ്മെന്റ് രംഗത്തിറക്കിയ വനിതയെ സമരംചെയ്യുന്ന വനിതകൾ തടഞ്ഞതിനെ തുട‌ർന്നാണ് സംഘർഷമുണ്ടായത്. പൊലീസ് കേസെടുത്തു.

സമരത്തിൽനിന്ന് പിന്നോട്ടില്ലെന്നും പാലാരിവട്ടത്തുനിന്ന് ഇടപ്പള്ളിയിലെ സ്വിഗ്ഗി ഓൺലൈൻ ഷോപ്പിലേക്ക് ഇന്നു പ്രകടനം നടത്തുമെന്നും തൊഴിലാളികൾ അറിയിച്ചു. ജില്ലാ ലേബർ ഓഫീസറുടെ നേതൃത്വത്തിൽ രണ്ടുതവണ അനുരഞ്ജന ച‌‌‌ർച്ച നടത്തിയെങ്കിലും പരാജയപ്പെടുകയായിരുന്നു. മാനേജ്മെന്റ് കൊണ്ടുന്നവരെയും ഗുണ്ടകളെയും ഉപയോഗിച്ച് അക്രമം അഴിച്ചുവിടുകയാണെന്നാണ് സമരക്കാരുടെ പരാതി.

അതേസമയം അക്രമത്തെ പ്രോത്സാഹിപ്പിക്കുന്ന ഒരു നടപടിയും തങ്ങളുടെ ഭാഗത്തുനിന്നുണ്ടായിട്ടില്ലെന്ന് സ്വിഗ്ഗി മാനേജ്മെന്റ് അറിയിച്ചു. ഒരു വിഭാഗം തുടരുന്ന സമരം മറ്റുള്ളവരുടെ ഉപജീവനത്തെ ബാധിക്കുന്നു. സമാധാനം നിലനിറുത്താനും പ്രവ‌ർത്തനം തുടരാനും സഹകരിക്കണമെന്നും അവർ അഭ്യർത്ഥിച്ചു.