
അപകടമൊഴിവായത് തലനാരിഴയ്ക്ക്
കോതമംഗലം: ശിവദേവ് രാജീവെന്ന പ്ലസ് വൺകാരന് പരിക്കിന്റെ വേദന മറക്കാനൊരു പൊൻത്തിളക്കം. കായികമേളയുടെ രണ്ടാംദിനത്തിൽ പോൾവാൾട്ടിൽ മിന്നും പ്രകടനം കാഴ്ചവെച്ച് 3.60 മീറ്റർ ചാടി സ്വർണമെഡൽ കരസ്ഥമാക്കിയ ശിവദേവ് രാജീവ് പോൾവാൾട്ട് പിറ്റിൽ വീണത് ഏവരെയും ആശങ്കയിലാക്കി. ആദ്യ ചാട്ടത്തിൽ തന്നെ 3.60മീറ്റർ ചാടിയ ശിവദേവിന് തന്നെയാണ് സ്വർണമെന്ന് രണ്ടാം റൗണ്ട് പൂർത്തിയായതോടെ ഉറപ്പായിരുന്നു.
ഇതിനു ശേഷം 4 മീറ്റർ ലക്ഷ്യമിട്ടാണ് ശിവദേവ് ചാടിയത്. അവസാന ചാട്ടത്തിനിടെയാണ് ബാറിൽത്തട്ടി ശിവദേവ് പിറ്റിന് പുറത്തേക്ക് വീണത്. പിറ്റിന് പുറത്ത് കുറ്റിയും ഇരുമ്പ് സ്റ്റാൻഡും ഉള്ളിടത്തേക്ക് തലയിടിച്ചായിരുന്നു വീഴ്ച.
വലതു കൈയിൽ ചെറിയ മുറിവോടെ പരിക്കേറ്റ ശിവദേവിന് തലയ്ക്കും നടുവിനും വേദനയുണ്ട്. പിറ്റിൽവച്ച് തന്നെ പ്രാഥമിക ചികിത്സ നൽകിയാണ് ശിവദേവിനെ മടക്കിയത്. ചാട്ടത്തിനിടെ തന്നെ താഴേക്ക് വീണ ശിവദേവ് വലിയ അപകടത്തിൽ നിന്ന് തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടതെന്ന് ഒഫീഷ്യൽസ് പറഞ്ഞു.
കോതമംഗലം മാർബേസിൽ സ്‌കൂൾ വിദ്യാർത്ഥിയായ ശിവദേവ് പോൾവാൾട്ടിൽ മാത്രമാണ് മത്സരിച്ചത്. മുമ്പ് സംസ്ഥാന- ദേശീയ യൂത്ത് മീറ്റുകളിലും ശിവദേവ് സാന്നിദ്ധ്യമറിയിച്ചിട്ടുണ്ട്. കോലഞ്ചേരി കുപ്പറത്തിൽ വീട്ടിൽ സ്‌കൂൾ ബസ് ഡ്രൈവറായ രാജീവിന്റെയും ബീനയുടെയും മകനാണ്. നഴ്‌സിംഗ് വിദ്യാർത്ഥിനി ശിവകാമി സഹോദരിയാണ്.