ചോറ്റാനിക്കര: പിറവം നിയോജകമണ്ഡലത്തിലെ നിർമ്മാണം പുരോഗമിക്കുന്ന പെരുവ പിറവം – പെരുവാംമൂഴി റോഡിലെ വിവിധ പ്രദേശങ്ങളായ കരിങ്കൽചിറ, പിറവം പോലീസ് സ്റ്റേഷൻ, കിഴുമുറി, ആറ്റുവേലിത്താഴം ഭാഗങ്ങൾ അനൂപ് ജേക്കബ് എം.എൽ.എ സന്ദർശിച്ചു. ഇപ്പോഴത്തെ നിർമ്മാണം ജനുവരിക്കുള്ളിൽ പൂർത്തിയാക്കണമെന്നും ഇനി ഭൂമി വിട്ടുകിട്ടാനുള്ള സ്ഥലങ്ങളിൽ അതിനോടനുബന്ധിച്ച് നിർമ്മാണം ആരംഭിക്കണമെന്ന് എം.എൽ.എ നിർദ്ദേശം നൽകി. ഇപ്പോൾ നിർമ്മാണ പ്രവർത്തനങ്ങൾക്ക് ആവശ്യമായി വന്ന മാറ്റങ്ങൾക്കുള്ള അനുമതി സർക്കാരിൽ നിന്ന് ലഭ്യമാക്കാനുള്ള കാലതാമസം കണക്കിലെടുത്ത് പൊതുമരാമത്ത് വകുപ്പ് മന്ത്രിയുടെ അദ്ധ്യക്ഷതയിൽ ഉന്നത തല യോഗം വിളിച്ചു ചേർക്കുമെന്ന് എം.എൽ.എ അറിയിച്ചു. റോഡ് നിർമ്മാണത്തിൽ പുറമ്പോക്ക് ഭൂമി അളന്നുതിട്ടപ്പെടുത്താനുള്ള നടപടി സ്വീകരിക്കുന്നതോടൊപ്പം സൗജന്യമായി കൈമാറുന്ന ഭൂമിയുടെ സമ്മതപത്രം പിറവം മുനിസിപ്പാലിറ്റിയും രാമമംഗലം പഞ്ചായത്തും കെ.എസ്.ടി.പി കൈമാറും. രാമമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി ജോർജ്, അന്നമ്മ ടോമി, ബബിത ശ്രീജി, പ്രശാന്ത് മമ്പുറത്ത്, ജോജി മോൻ ചാരുവിളാകത്ത്, ജിജോ ഏലിയാസ്, സണ്ണി ജേക്കബ്, മേരി എൽദോ, കെ.എസ്.ടി.പി എക്‌സിക്യൂട്ടീസ് എൻജിനിയർ, അസിസ്റ്റന്റ് എക്‌സിക്യുട്ടീവ് എൻജിനിയർ ഷിനു കുമാർ, അസിസ്റ്റന്റ് എൻജിനിയർ പ്രീത,റവന്യു ഉദ്യോഗസ്ഥർ, കൺസൽട്ടൻസി റെസിഡന്റ്സ് എൻജിനിയർ ഗോസ്വാമി തുടങ്ങിയവരും എം.എൽ.എയോടൊപ്പം ഉണ്ടായിരുന്നു.