പറവൂർ: ആനച്ചാലിൽ തണ്ണീർതടം നികത്താൻ മണ്ണ് കൊണ്ടുവരുന്ന ടോറസ് ലോറികൾ സ്കൂൾ സമയത്ത് നടത്തുന്ന മരണപ്പാച്ചിൽ വിദ്യാർത്ഥികൾക്കും യാത്രക്കാർക്കും ഭീഷണിയാകുന്നു. രാവിലെ എട്ട് മുതൽ പത്ത് വരെയും വൈകിട്ട് നാല് മുതൽ അറുവരെയുമാണ് ടോറസ്, ടിപ്പർ വാഹനങ്ങൾക്ക് സഞ്ചാര നിരോധനമുള്ളത്. നിരോധനം ലംഘിച്ചാണ് ടോറസുകൾ നിരത്തിലിറങ്ങുന്നത്.
ദിനംപ്രതി നൂറുകണക്കിന് ടോറസുകളിലാണ് തണ്ണീർത്തടം നികത്തുന്നതിന് കിഴക്കൻ മേഖലകളിൽ നിന്ന് മണ്ണ് കൊണ്ടുവരുന്നത്. സഞ്ചാര നിരോധന സമയത്തിന് മുമ്പ് സ്ഥലത്തെത്താൻ അമിത വേഗതയിലാണ് ടോറസുകൾ പോകുന്നത്. ഇതുകൂടാതെ ടോറസുകൾ റോഡ് അരികിൽ വരിവരിയായി നിറുത്തിയിടുന്നതും അപകട സാധ്യത സൃഷ്ടിക്കുന്നു. ടിപ്പറുകളുടെ നിയമംലംഘനം തടയാൻ പൊലീസ് നടപടിയെടുക്കുന്നില്ലെന്ന പരാതി ശക്തമാണ്. അനധികൃത ചെങ്കൽ ക്വാറികളിൽ നിന്നടക്കം നിയമം പാലിക്കാതെ അമിത ഭാരം കയറ്റുന്ന ടിപ്പർ ഉൾപ്പെടെയുള്ള ലോറികൾക്കെതിരെ പരിശോധനയും ഉണ്ടാവുന്നില്ല. ടിപ്പറുകൾ അതിവേഗം പായുമ്പോൾ റോഡിലേക്ക് കല്ലും മണ്ണും തെറിച്ചു വീഴുന്നുണ്ട്.. പെർമിറ്റ് ഇല്ലാതെയും വ്യാജ പാസും ഉപയോഗിച്ചാണ് മണ്ണ് ഉൾപ്പെടെ വ്യാപകമായി കടത്തുന്നത്. ഇതിന് റവന്യു, പൊലീസ് അധികൃതരുടെ ഒത്താശയുണ്ടെന്ന് നാട്ടുകാർ ആരോപിക്കുന്നു.