പറവൂർ: കുടിവെള്ള പൈപ്പ് പൊട്ടി റോഡ് കുളമായി. വാട്ടർ അതോറിറ്റിയുടെ ചേന്ദമംഗലം പഞ്ചായത്ത് പ്രദേശങ്ങളിലേക്കുള്ള മുഖ്യപൈപ്പാണ് ഇന്നലെ രാവിലെ ചേന്ദമംഗലം കവലയിലെ ട്രാഫിക് സിഗ്നലിന് സമീപത്ത് പൊട്ടിയത്. വെള്ളം റോഡിൽ ഉയർന്ന് സമീപത്തെ കടകളിലേക്ക് കയറി. ഭാഗികമായി ഗതാഗത തടസവുമുണ്ടായി. നാലുപതിറ്റാണ്ട് പഴക്കമുള്ള 300എം.എം ആസ്ബറ്റോസ് പൈപ്പാണ് ജീർണിച്ച് പൊട്ടിയത്. ഉദ്യോഗസ്ഥരെത്തി പണികൾ ആരംഭിച്ചിട്ടുണ്ട്. പൈപ്പ് പൊട്ടൽ മൂലം ചേന്ദമംഗലത്തേക്കുള്ള ശുദ്ധജല വിതരണം മുടങ്ങി. ഇന്ന് പൈപ്പ് മാറ്റി സ്ഥാപിച്ച് കുടിവെള്ളവിതരണം പുനരാരംഭിക്കാൻ കഴിയുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.