പെരുമ്പാവൂർ: കോടനാട് അഭയാരണ്യം ഇക്കോ ടൂറിസം കേന്ദ്രത്തിന്റെ പ്രവേശന കവാടത്തിന് തൊട്ടടുത്ത് കഴിഞ്ഞ രാത്രിയിൽ കാട്ടാനക്കൂട്ടമെത്തി. നിരവധി പനമരങ്ങൾ കാട്ടാനക്കൂട്ടം മറിച്ചിട്ടു. ഇക്കോ ടൂറിസം കേന്ദ്രത്തിന്റെ സമീപത്തെ കുടികളിൽ കയറി കൃഷിനാശം വരുത്തുകയും ചെയ്തു.
പെരിയാറിന്റെ മറുകരയിലുള്ള നിബിഢ വനങ്ങളിൽ നിന്നാണ് പെരിയാറിൽ ജലവിതാനം താഴ്ന്നുവരുന്ന വേനൽക്കാലത്ത് കാട്ടാനക്കൂട്ടം പുഴ കടന്നെത്തുന്നത്. കഴിഞ്ഞ മൂന്നു വർഷമായി തുടർച്ചയായി അഭയാരണ്യം പദ്ധതി പ്രദേശത്തിന്റെ ഭാഗമായ തേക്ക് പ്ലാന്റേഷനിൽ കാട്ടാനക്കൂട്ടം ഇറങ്ങുന്നുണ്ട്. കൃഷിയിടങ്ങളിൽ നാശമുണ്ടാക്കുന്നതും പതിവാണ്.
കാട്ടാന ശല്യം ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയായിക്കഴിഞ്ഞു. കാട്ടാന കൃഷി നശിപ്പിച്ച സ്ഥലങ്ങൾ കൂവപ്പടി പഞ്ചായത്ത് പ്രസിഡന്റ് മിനി ബാബുവിന്റെ നേതൃത്വത്തിൽ സന്ദർശിച്ചു. വൈസ് പ്രസിഡന്റ് ബേബി തോപ്പിലാൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം അനു അബീഷ്, വാർഡ് അംഗം സിനി എൽദോ, മായ കൃഷ്ണകുമാർ, വന സംരക്ഷണ സമിതി പ്രസിഡന്റ് എം.എസ്.സുകുമാരൻ, സാബു പാത്തിക്കൽ , പി.പി.എൽദോ , എം.പി.പ്രകാശ് എന്നിവരും സംഘത്തിലുണ്ടായിരുന്നു. കാട്ടാന ശല്യം തടയാൻ വനം വകുപ്പ് അടിയന്തര നടപടി സ്വീകരിക്കണമെന്ന് പ്രസിഡന്റ് ആവശ്യപ്പെട്ടു.