വൈപ്പിൻ: അങ്കണവാടി കെട്ടിടം നിർമ്മിക്കാനുള്ള ശ്രമത്തിന്റെ പേരിൽ തനിക്കെതിരെ വ്യാജ ആരോപണം ഉന്നയിക്കുന്നതായി എളങ്കുന്നപ്പുഴ പഞ്ചായത്ത് അംഗം ആലീസ് സെബാസ്റ്റ്യൻ. കോൺഗ്രസ് പ്രതിനിധിയായ ആലീസിനെതിരെ സ്വന്തം പാർട്ടിയിലെ അംഗമാണ് പരാതി നൽകിയത്.
മൂന്നാം വാർഡിലെ ഇന്ദിര അങ്കണവാടിക്ക് സ്വന്തം കെട്ടിടം നിർമ്മിക്കാനാണ് മുൻകൈയെടുത്തത്. വെളിയിൽ മാത്യൂസ് സൗജന്യമായി ഒന്നര സെന്റ് ഭൂമി ഇതിനായി വിട്ടുനൽകി.
ഭൂമിയുടെ ഉടമസ്ഥാവകാശം കൈമാറാൻ സമീപിച്ചെങ്കിലും സ്ഥലം കുറവാണെന്ന് പറഞ്ഞു പഞ്ചായത്ത് സെക്രട്ടറി നിരസിച്ചു. സർക്കാർ നിബന്ധനയനുസരിച്ചുള്ള വിസ്തീർണം ഭൂമിക്കില്ലാത്തതിനാൽ പഞ്ചായത്തിൽ നിന്ന് ധനസഹായം ലഭിച്ചില്ല. അതിനാൽ സംഭാവന സ്വീകരിച്ച് നിർമ്മാണം നടത്താൻ വാർഡ് ജനകീയ കമ്മിറ്റി നിശ്ചയിച്ചു. ഈ സ്ഥലത്ത് നീർച്ചാൽ ഉണ്ടായിരുന്നതിനാൽ കാനയും നിർമിച്ചു. എന്നാൽ തോട് നികത്തി കാന നിർമിക്കുന്നതായുള്ള പരാതിയെ തുടർന്ന് പഞ്ചായത്ത് സ്‌റ്റോപ്പ് മെമ്മോ നൽകി. പരാതി സംബന്ധിച്ച് ഇരു കൂട്ടരേയും വിളിച്ചു ചർച്ച നടത്താൻ പഞ്ചായത്ത് തയ്യാറായില്ല. അങ്കണവാടി നിർമ്മാണത്തിന് ലഭിച്ച സംഭാവന കമ്മിറ്റിയുടെ പേരിൽ ബാങ്ക് അക്കൗണ്ടിൽ നിക്ഷേപിച്ചിട്ടുണ്ട്.
വസ്തുത ഇതായിരിക്കെ തോട് നികത്തിയെന്നും അനധികൃതമായി പണം പിരിച്ചെന്നും ആരോപിച്ച് അയോഗ്യയാക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് വ്യാജപരാതി നൽകിയിരിക്കുകയാണെന്നും ആലീസ് സാെബാസ്റ്റ്യൻ പറഞ്ഞു.