
കളമശേരി: യു.ഡി.എഫ് ഭരിക്കുന്ന കളമശേരി നഗരസഭയിൽ പ്രതിപക്ഷം അവിശ്വാസ പ്രമേയം അവതരിപ്പിക്കാൻ റീജിയണൽ ജോയിന്റ് ഡയറക്ടർക്ക് 19 പേർ ഒപ്പുവച്ച കത്തുനൽകി. 42 അംഗ കൗൺസിലിൽ യു.ഡി.എഫിന് 19, രണ്ട് സ്വതന്ത്രമാർ അടക്കം 21 പേരുണ്ട്. എൽ.ഡി.എഫിൽ ഒരു സ്വതന്ത്രനടക്കം 20, ബി.ജെ.പി 1 എന്നിങ്ങനെയാണ് കക്ഷിനില.
വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.എച്ച്.സുബൈറും യു.ഡി.എഫിൽ നിന്നൊരു കൗൺസിലറും അവിശ്വാസത്തെ പിന്തുണയ്ക്കും. കെ.എച്ച്.സുബൈർ ലീഗ് വിമതനായി ജയിച്ചയാളാണ്. ആദ്യം എൽ.ഡി.എഫിനൊപ്പം നിൽക്കുകയും പിന്നീട് യു.ഡി.എഫിൽ ചേക്കേറുകയും ചെയ്തു. അവിശ്വാസം വന്നാൽ എൽ.ഡി.എഫിനൊപ്പം നിൽക്കുമെന്ന് വ്യക്തമാക്കുകയും ചെയ്തു. ഒരംഗം മാത്രമുള്ള ബി.ജെ.പിയുടെ നിലപാട് നിർണായകമാകും. പാർട്ടിയുടെ മണ്ഡലം സെക്രട്ടറി കൂടിയായതിനാൽ ഇരുകൂട്ടരെയും പിന്തുണയ്ക്കാൻ സാദ്ധ്യതയില്ല.