
* അഞ്ചുപേർക്ക് പരിക്ക്
മൂവാറ്റുപുഴ: തൊടുപുഴ-മൂവാറ്റുപുഴ സംസ്ഥാനപാതയിൽ നിർമ്മല ഹോസ്റ്റൽ ജംഗ്ഷന് സമീപം തൊടുപുഴ അൽ അസർ പോളി ടെക്‌നിക് കോളേജ് വിദ്യാർത്ഥികൾ സഞ്ചരിച്ചിരുന്ന കാർ നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞ് ഒരാൾ മരിച്ചു. അഞ്ചുപേർക്ക് പരിക്കേറ്റു. രണ്ടുപേരുടെ നില ഗുരുതരം.
പുത്തൻകുരിശ് മലയിൽ ആയുഷ് ബോബിയാണ് (20) മരിച്ചത്. ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കളായ എൻ.ആർ. വിഷ്ണു (20),അശ്വക് അഹമ്മദ് (20) എന്നിവരെ ഗുരുതര പരിക്കുകളോടെ കോലഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലും അരുൺ ദിനേശ് (20), ഫസലു റഹ്മാൻ (20), സ്റ്റെഫിൻ വിൽസൺ (20) എന്നിവരെ മൂവാറ്റുപുഴ നിർമ്മല ആശുപത്രിയിലും പ്രവേശിപ്പിച്ചു. ആയുഷ് ബോബിയുടേതാണ് അപകടത്തിൽപ്പെട്ട കാർ.
ഇന്നലെ രാവിലെ ഒമ്പതോടെയാണ് അപകടമുണ്ടായത്. ഇവർ സഞ്ചരിച്ച കാർ ഹോസ്റ്റൽ ജംഗ്ഷനു സമീപം എത്തിയപ്പോൾ മറ്റൊരു കാറിൽ ഇടിക്കാതിരിക്കാൻ വെട്ടിച്ചുമാറ്റുന്നതിനിടെ നിയന്ത്രണംവിട്ട് സ്വകാര്യ വ്യക്തിയുടെ താഴ്ചയുള്ള പറമ്പിലേക്ക് പതിക്കുകയായിരുന്നു. അപകടത്തിൽപ്പെട്ടവരെ നാട്ടുകാരും ഫയർഫോഴ്സും ചേർന്ന് പുറത്തെടുത്താണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
പുത്തൻകുരിശ് പന്നിക്കുഴി മലയിൽ കൊച്ചി നേവൽബേസ് ഉദ്യോഗസ്ഥനായ ബോബിയാണ് ആയുഷ് ബോബിയുടെ പിതാവ്. രണ്ടാംവർഷ മെക്കാനിക്കൽ എൻജിനിയറിംഗ് വിദ്യാർത്ഥിയാണ്. മൃതദേഹം മൂവാറ്റുപുഴ താലൂക്ക് ആശുപത്രി മോർച്ചറിയിൽ. പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം ഉച്ചയ്ക്ക് വീട്ടിലെത്തിക്കും. മീനുവാണ് മാതാവ്. സഹോദരി: ഐശ്വര്യ. സംസ്കാരം ഇന്ന് വൈകിട്ട് 3ന് തൃപ്പൂണിത്തുറ പൊതുശ്മശാനത്തിൽ.