jh

കൊച്ചി: വില്പന നികുതി കുടിശികയുടെ പേരിലുള്ള റവന്യൂ റിക്കവറി നടപടികൾ മറച്ചുവച്ച് ഭൂമി വിറ്റു തട്ടിപ്പു നടത്തിയ കേസിൽ എരമല്ലൂർ കൊച്ചുപള്ളിക്കവല വരേക്കാട്ടു വീട്ടിൽ സേവ്യർ വില്യം (74), ചെല്ലാനം അഞ്ചുതൈക്കൽ വീട്ടിൽ ഷീല വില്യം (63) എന്നിവർക്ക് എറണാകുളം ജുഡിഷ്യൽ ഫസ്റ്റ് ക്ളാസ് മജിസ്ട്രേട്ട് കോടതി രണ്ടു വർഷം തടവും 10,000 രൂപ പിഴയും ശിക്ഷ വിധിച്ചു. പ്രതികൾക്കെതിരെ ഗൂഢാലോചനക്കുറ്റത്തിന് ഒരു വർഷം കൂടി തടവുശിക്ഷ വിധിച്ചിട്ടുണ്ട്. ശിക്ഷ ഒരുമിച്ച് അനുഭവിച്ചാൽ മതിയെന്നതിനാൽ തടവ് രണ്ടു വർഷമായി കുറയും. സേവ്യർ വില്യം നടത്തിവന്ന സ്ഥാപനത്തിന്റെ വില്പന നികുതി കുടിശിക ഒമ്പതു കോടിയോളമായപ്പോഴാണ് സെയിൽ ടാക്സ് അധികൃതർ റവന്യൂ റിക്കവറി നടപടി തുടങ്ങിയത്. ഇതറിഞ്ഞ സേവ്യർ തന്റെ പേരിലുള്ള 3.06 ആർ ഭൂമി ഷീലയുടെ പേരിലേക്ക് മാറ്റി.

പിന്നീട് പരാതിക്കാരനായ കുഞ്ഞുമൊയ്തീനു വിറ്റു പണം വാങ്ങി. അധികൃതർ റവന്യൂ റിക്കവറി നടത്തിയതോടെ ഇയാൾക്ക് ഭൂമി നഷ്ടമായി. തുടർന്നാണ് തനിക്ക് 40 ലക്ഷം രൂപയുടെ നഷ്ടമുണ്ടായെന്നും കബളിപ്പിച്ചെന്നും ചൂണ്ടിക്കാട്ടി കുഞ്ഞു മൊയ്തീൻ പരാതി നൽകിയത്.