accident
മണ്ണൂർ അപകടത്തിൽ രക്ഷാപ്രവർത്തനം നടത്തുന്ന നാട്ടുകാർ

കോലഞ്ചേരി: എം.സി റോഡ് പെരുമ്പാവൂർ മുതൽ മൂവാറ്റുപുഴവരെ അപകടങ്ങളുടെ പെരുമഴക്കാലം. ഇന്നലെ വെളുപ്പിന് മലപ്പുറത്തുനിന്ന് വാഗമണ്ണിലേക്ക് വിനോദയാത്രപോയ സംഘം സഞ്ചരിച്ച മാരുതി ആൾട്ടോകാർ മണ്ണൂരിൽ നിർത്തിയിട്ടിരുന്ന ടോറസ് ലോറിയിലേക്ക് ഇടിച്ചു കയറിയതാണ് ഒടുവിൽ നടന്ന അപകടം. മണ്ണൂർ ഭാരത്പെട്രോളിയം പമ്പിനുമുന്നിലായിരുന്നു സംഭവം.

രണ്ടാഴ്ചമുമ്പ് പുല്ലുവഴിയിൽ രാത്രി നടക്കാനിറങ്ങിയ പ്ലൈവുഡ് വ്യവസായി പുല്ലുവഴി ഗ്രേസ്കോട്ടേജിൽ സാമുവൽ (65), കോട്ടയം സ്വദേശിയായ സ്‌കൂട്ടർ യാത്രക്കാരൻ സോബിൻ സിബി (65) എന്നിവരുടെ ജീവൻ റോഡിൽപൊലിഞ്ഞു. അമിതവേഗത്തിൽ വന്ന ജീപ്പിടിച്ച് സാമുവൽ റോഡരികിലെ കാനയിലേക്ക് തെറിച്ചുവീണു. നിയന്ത്രണംവിട്ട വാഹനം റോഡിന്റെ വലതുഭാഗത്തേക്ക് തിരിഞ്ഞ് എതിർദിശയിൽ വന്ന സ്‌കൂട്ടർയാത്രക്കാരനെയും ഇടിച്ചു തെറിപ്പിച്ചു. സമീപത്തെ വീടിന്റെ ഗേ​റ്റ് തകർത്ത് കാർപോർച്ചിൽ ഇടിച്ചാണ് നിന്നത്.

കഴിഞ്ഞദിവസം അപകടമുണ്ടായ അതേസ്ഥലത്ത് കഴിഞ്ഞ മേയ് 26ന് ബൈക്ക് യാത്രക്കാരനായ മഴുവന്നൂർ എടപ്പാട്ട് സഹദേവൻ (74) പിന്നിൽ നിന്നുവന്ന സ്കൂട്ടർ ഇടിച്ച് റോഡിൽ തെറിച്ച് വീണതോടെ മുന്നിൽ നിന്നുവന്ന ലോറി ദേഹത്ത് കയറിയിറങ്ങിയാണ് മരിച്ചത്. ഏപ്രിലിൽ മലമുറിക്ക് സമീപം പുലർച്ചെ മിനിവാനും കെ.എസ്.ആർ.ടി.സി ബസും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു.

*അപകടങ്ങൾ ഭൂരിഭാഗവും പുലർച്ചെ

ഈ റൂട്ടിൽ പുലർച്ചെയാണ് അപകടങ്ങൾ ഏറെയും നടക്കുന്നത്. ഡ്രൈവർമാരുടെ ഉറക്കം തന്നെയാണ് അപകടങ്ങൾക്ക് കാരണം. എം.സി റോഡിൽ അപകടങ്ങൾ കുറക്കാൻ കുടുംബശ്രീ അംഗങ്ങളുടെ സഹകരണത്തോടെ മോട്ടോർ വാഹനവകുപ്പ് പദ്ധതി തുടങ്ങാൻ തീരുമാനിച്ചെങ്കിലും സാമ്പത്തികസഹായം ലഭ്യമാക്കാതെ വന്നതോടെ നടപ്പായില്ല. ഒക്കൽ മുതൽ മണ്ണൂർ വരെ അപകടങ്ങൾ കുറയ്ക്കാനുള്ള പദ്ധതിയായിരുന്നു. റോഡ് നിയമങ്ങൾ കുടുംബശ്രീ അംഗങ്ങളെ പരിശീലിപ്പിച്ചശേഷം അവരുടെ സഹകരണത്തോടെ നടപ്പാക്കാനാണ് ഉദ്ദേശിച്ചത്.

* ബ്ളാക്ക് സ്‌പോട്ടുകൾ നിരവധി

ഒക്കൽ മുതൽ മണ്ണൂർവരെ പത്ത് ബ്ളാക്ക് സ്‌പോട്ടുകൾ ഉണ്ടെന്നാണ് മോട്ടോർവാഹനവകുപ്പ് കണ്ടെത്തിയിരിക്കുന്നത്. ഒക്കൽ, കാരിക്കോട്, വല്ലംപാലം, പൊന്മണി റൈസിനുസമീപം, പൊലീസ് ക്വാർട്ടേഴ്‌സ്, പുല്ലുവഴി പി.കെ.വി കവല, തായ്ക്കരചിറങ്ങര, കീഴില്ലം അമ്പലംപടി, കീഴില്ലം ഷാപ്പ്, കീഴില്ലം സെന്റ് തോമസ് സ്‌കൂൾ എന്നിവയാണ് ബ്ളാക്ക് സ്‌പോട്ടുകൾ.

* ഉറങ്ങിപ്പോയാൽ അപകടസാദ്ധ്യത കൂടും

വാഹനം സ്​റ്റിയറിംഗിൽ ഒരു നിയന്ത്രണവും ഇല്ലാത്ത രീതിയിൽ ട്രാക്കിൽനിന്ന് വ്യതിചലിച്ച് നീങ്ങുക, കാലിന്റെ ഭാരംകൊണ്ട് ആക്‌സിലേറ്റർ അമർന്നു വേഗത വലിയരീതിയിൽ കൂടുക, ബ്രേക്ക്ചവിട്ടാതിരിക്കുക തുടങ്ങിയവ സംഭവിക്കാം. ഇന്നലത്തെ അപകടത്തിനുകാരണവും ഡ്രൈവർ ഉറങ്ങിപ്പോയതാകാം എന്നാണ് പ്രാഥമിക നിഗമനം.

* വേണം മുൻകരുതൽ

ശബരിമല സീസൺ തുടങ്ങിയതോടെ അതീവശ്രദ്ധ വേണ്ട മേഖല കൂടിയാണിത്. നൂറുകണക്കിന് അന്യസംസ്ഥാന വാഹനങ്ങളടക്കം പോകുന്ന സമയമാണ്. അപകടമൊഴിവാക്കാൻ മുൻകരുതൽ എടുക്കേണ്ടത് അത്യാവശ്യമാണ്. റോഡിൽ ആവശ്യത്തിന് വെളിച്ചമില്ലാത്തതും അപകടകരമായ കയറ്റിറക്കങ്ങളും വളവുകളും അപകടങ്ങൾ ഇനിയും വിളിച്ചു വരുത്തുന്ന സ്ഥിതിയാണ്. അധികാരികൾ സത്വര നടപടികൾ സ്വീകരിക്കണം.