 
മൂവാറ്റുപുഴ: സി.ബി.എസ്.ഇ സ്കൂൾ സംസ്ഥാന കലോത്സവത്തിന് വാഴക്കുളം കാർമൽ പബ്ലിക് സ്കൂളിൽ ഇന്ന് തിരിതെളിയും. 21 വേദികളിലായാണ് മത്സരങ്ങൾ നടക്കുന്നത്. ഇന്ന് രാവിലെ 8.30 മുതൽ മത്സരങ്ങൾ ആരംഭിക്കും. പ്രധാന വേദിയായ കാർമൽ സ്കൂൾ ഇൻഡോർ സ്റ്റേഡിയത്തിൽ ആദ്യ മത്സരമായി പാശ്ചാത്യസംഗീതം അരങ്ങേറും. വൈകിട്ട് അഞ്ചിന് സിനിമാതാരം മിയ ജോർജ് ഉദ്ഘാടനം ചെയ്യും. സി.ബി.എസ്.ഇ സ്കൂൾസ് മാനേജ്മെന്റ് അസോസിയേഷൻ പ്രസിഡന്റ് ടി.പി.എം ഇബ്രാഹിം ഖാൻ അദ്ധ്യക്ഷത വഹിക്കും.
ബാൻഡ് മത്സരം മൂവാറ്റുപുഴ നിർമല പബ്ലിക് സ്കൂളിൽ ശനിയാഴ്ച നടക്കും. ഒരേസമയം രണ്ടായിരത്തോളം പേർക്ക് ഭക്ഷണം വിളമ്പാൻ സൗകര്യമുള്ള ഭക്ഷണശാലയാണ് ക്രമീകരിച്ചിരിക്കുന്നത്. സി.ബി.എസ്.ഇ തിരുവനന്തപുരം റീജിയണൽ ഡയറക്ടർ മഹേഷ് ധർമാധികാരി കലോത്സവത്തിൽ പങ്കെടുക്കും.
കേരളത്തിന്റെ വിവിധ ജില്ലകളിലെ 26 സഹോദയകളിൽ നിന്നുമുള്ള മത്സരാർത്ഥികളാണ് കലോത്സവത്തിൽ പങ്കെടുക്കുന്നത്. ഒരുക്കങ്ങൾ പൂർത്തിയായതായി ജനറൽ കൺവീനറും കാർമൽ സ്കൂൾ പ്രിൻസിപ്പലുമായ റവ.ഡോ. സിജൻ പോൾ ഊന്നുകല്ലേൽ അറിയിച്ചു.