bslin
ജൂനിയർ, സീനിയർ വിഭാഗം 3,000മീറ്റർ നടത്തത്തിൽ യഥാക്രമം സ്വർണവും, വെള്ളിയും നേടിയ സഹോദരങ്ങളായ ബെസ്‌ലിനും(ഇടത്ത്) റീമയും (വലത്ത്)

കോതമംഗലം: ഒക്കൽ സ്വദേശിനിയായ പത്താം ക്ലാസ് വിദ്യാർത്ഥിനി ബെസ്‌ലിൻ കെ. സ്റ്റീവി ജില്ലാ കായികമേളയിൽ ആകെ പങ്കെടുത്തത് നാല് തവണ. നാലുവട്ടവും നടത്തത്തിൽ പൊന്നണിഞ്ഞാണ് മടക്കം.

ഇന്നലെ നടന്ന ജൂനിയർ പെൺകുട്ടികളുടെ 3,000മീറ്റർ നടത്തത്തിൽ കരിയറിലെ ഏറ്റവും മികച്ച പ്രകടനത്തോടെയാണ് ബെസ്‌ലിൻസ്വർണം കൊയ്തത്. 19 മിനിറ്റ് 37.35 സെക്കൻഡിൽ ബെസ്‌ലിന്റെ ഫിനിഷ്. 19.51 സെക്കൻഡ് ആയിരുന്നു ഇതുവരെയുള്ള മികച്ച സമയം.

ബെസ്‌ലിൻ സ്വർണം നേടുമ്പോൾ നിറചിരിയോടെ കൈയടിച്ച് ഒരാളൊപ്പം നിന്നു,​ ചേച്ചി റീമ. റീമയും മീറ്റിലെ മെഡൽ നേട്ടക്കാരുടെ പട്ടികയിൽപ്പെടുന്നു. ചൊവ്വാഴ്ച നടന്ന സീനിയർ പെൺകുട്ടികളുടെ 3,000 മീറ്റർ നടത്തത്തിൽ വെള്ളി നേടി ഈ പ്ലസ്‌വൺകാരി.

മുൻപ് മൂന്ന് തവണ സ്വർണം നേടി സംസ്ഥാന കായികമേളയിലെത്തിയ ബെസ്‌ലിൻ ഇത്തവണ മെഡൽ സ്വന്തമാക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നു. സംസ്ഥാന തലത്തിൽ സ്വർണവും ദേശീയ തലത്തിൽ വെള്ളിയും നേടിയിട്ടുള്ള ചേച്ചി റീമയാണ് റോൾമോഡലെന്നും ദേശീയ മെഡൽ നേട്ടമാണ് ലക്ഷ്യമെന്നും ബെസ്‌ലിൻ കേരളകൗമുദിയോട് പറഞ്ഞു.

ഒക്കൽ എസ്.എൻ.എച്ച്.എസ്.എസിലെ വിദ്യാർത്ഥിനികളാണ് ഇരുവരും. സ്റ്റീവി കെ.ഒസേപ്പും ഡെയ്‌സി കെ.സ്റ്റീവിയുമാണ് മാതാപിതാക്കൾ.