കൊച്ചി: മുളവുകാട് പഞ്ചായത്ത് റോഡിന്റെ ശോച്യാവസ്ഥ പരിഹരിച്ച് സഞ്ചാരയോഗ്യമാക്കണമെന്ന ഹർജിയിൽ റോഡിന്റെ രൂപരേഖയും എസ്റ്റിമേറ്റും തയ്യാറാക്കുന്നതിന് യോഗം വിളിക്കാൻ തദ്ദേശ ഭരണ വകുപ്പ് എക്‌സിക്യുട്ടീവ് എൻജിനിയറെയും സൂപ്രണ്ടിംഗ് എൻജിനിയറെയും ഹൈക്കോടതി ചുമതലപ്പെടുത്തി. മുളവുകാട് പഞ്ചായത്ത് അധികൃതരുടെയും ജിഡ, കിറ്റ്‌കോ എന്നിവയുടെ പ്രതിനിധികളെയും ഉൾപ്പെടുത്തി 28ന് യോഗം ചേരാനും ജസ്റ്റിസ് എൻ. നഗരേഷ് നിർദ്ദേശിച്ചു. ഹർജി ഡിസംബർ ഒന്നിന് വീണ്ടും പരിഗണിക്കും.
മുളവുകാട് പൊന്നാരിമംഗലം സ്വദേശി വി.എസ്. അൻസാർ നൽകിയ ഹർജിയാണ് സിംഗിൾബെഞ്ച് പരിഗണിച്ചത്. തദ്ദേശഭരണ വകുപ്പിലെ എക്‌സിക്യുട്ടീവ് എൻജിനിയറോ സൂപ്രണ്ടിംഗ് എൻജിനിയറോ വിളിച്ചു ചേർക്കുന്ന യോഗത്തിൽ റോഡിന്റെ രൂപരേഖ, എസ്റ്റിമേറ്റ് തുടങ്ങിയ കാര്യങ്ങൾ തീരുമാനിക്കണം. 5.6 കിലോമീറ്റർ വരുന്ന റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കണമെന്നാണ് ഹർജിയിലെ ആവശ്യം. റോഡ് പഞ്ചായത്തിന്റെ കൈവശമുള്ളതാണെന്ന് വിലയിരുത്തിയാണ് തദ്ദേശ ഭരണ വകുപ്പിലെ എൻജിനിയർമാരെ ഹൈക്കോടതി സ്വമേധയാ കക്ഷി ചേർത്തത്.
ഗതിപിടിക്കാത്ത റോഡ്,
ഗതികെട്ട് നാട്ടുകാർ
മുളവുകാട് പഞ്ചായത്തിലെ മുളവുകാട്- ബോൾഗാട്ടി റോഡ് ഒന്നര വർഷം കൊണ്ട് രണ്ടു തവണ പൊളിച്ചുപണിതിട്ടും ഒരു ഗുണവുമുണ്ടായില്ല. വാഹന ഗതാഗതം പോയിട്ട് നേരെചൊവ്വേ കാൽനടയാത്ര പോലും സാദ്ധ്യമല്ല ഇപ്പോഴും. ബസ് ഓടിയാലായി. ഓട്ടോറിക്ഷകളും കുറവാണ്. തണ്ടാശേരി അമ്പലം മുതൽ വടക്കോട്ട് തകർന്ന് തരിപ്പണമാണ് റോഡ്.
കഴിഞ്ഞ വർഷം ആദ്യമാണ് 2.5 കിലോമീറ്റർ ജിഡ (ഗോശ്രീ ഇൻലാൻഡ് ഡെവലപ്‌മെന്റ് അതോറിട്ടി) പൂർണമായും റോഡ് പൊളിച്ചുപണിതത്. കിറ്റ്‌കോയായിരുന്നു നിർമ്മാണ ഏജൻസി. തുടക്കത്തിലേ അപാകതകളുണ്ടായെങ്കിലും വകവയ്ക്കാതെ ആദ്യ 2.5കിലോമീറ്റർ പണിതീർത്തു. എന്നാൽ മാസങ്ങൾക്കുള്ളിൽ റോഡ് പൊട്ടിപ്പൊളിഞ്ഞു. ജിഡ കിറ്റ്‌കോയെക്കൊണ്ട് വീണ്ടും പൊളിച്ച് പണിയിച്ചു. അതും ഗുണമില്ലാതായി. എൻജിനിയറെ ജനങ്ങൾ റോഡിൽ തടയൽ വരെയുണ്ടായി. മുളവുകാട്-ബോൾഗാട്ടി റോഡ് വീതികൂട്ടുന്നതിനാണ് ജിഡയ്ക്ക് കൈമാറിയത്. ഈ റോഡിന്റെ പുനർ നിർമ്മാണത്തിൽ പങ്കൊന്നുമില്ലെന്നാണ് മുളവുകാട് പഞ്ചായത്തിന്റെ നിലപാട്. ഒന്നിലേറെ വാർഡുകളിലൂടെ കടന്നുപോകുന്ന റോഡ് നൂറ് കണക്കിന് കുടുംബങ്ങളുടെ ആശ്രയമാണ്.