കോതമംഗലം: കൊവിഡ് സൃഷ്ടിച്ച രണ്ട് വർഷത്തെ ഇടവേളയ്ക്കുശേഷം നടന്ന 19-ാമത് എറണാകുളം ജില്ലാ കായികമേള ഒരു സബ് ജില്ലാ മേളയുടെ പകിട്ടിലൊതുങ്ങി. കാണികളുടെ എണ്ണത്തിലും ആവേശത്തിലുമെല്ലാം മറ്റ് കായികമേളകളേക്കാൾ ബഹുദൂരം പിന്നിൽപോയി കോതമംഗലം മീറ്റ്.

മത്സരാർത്ഥികളുടെ എണ്ണത്തിലും ഇക്കുറി കുറവുണ്ടായി. ഇതേത്തുടർന്ന് റിലേ ഉൾപ്പെടെയുള്ള സുപ്രധാന ഇനങ്ങളുടെ പ്രാഥമിക റൗണ്ട് തന്നെ ഫൈനലാക്കി മാറ്റേണ്ട ദുര്യോഗവുമുണ്ടായി. മുൻകാലങ്ങളിൽ സ്വന്തം സ്‌കൂളുകളിലെ മത്സരാർത്ഥികൾ ട്രാക്കിലും ഫീൽഡിലും പോരാടുമ്പോൾ അവർക്കാവേശം പകർന്ന് നിരവധി സഹപാഠികളും അദ്ധ്യാപകരുമെല്ലാം മേളയ്‌ക്കെത്തിയിരുന്നു. എന്നാൽ ഇത്തവണ അത്തരം കാഴ്ചകൾ കുറവായിരുന്നു.

കായികതാരങ്ങൾ തമ്മിൽ മുൻ വർഷങ്ങളോട് കിടപിടിക്കുന്ന തരത്തിലെ വീറുറ്റ പോരാട്ടങ്ങളുണ്ടായില്ലെന്ന് ഒഫീഷ്യലുകൾ തന്നെ സാക്ഷ്യപ്പെടുത്തുന്നു. കുട്ടികളുടെ കായികക്ഷമതയിലും കാര്യമായ മാറ്റം വന്നു. കൊവിഡിനുശേഷം കുട്ടികൾക്കുണ്ടാകുന്ന ശാരീരിക അസ്വസ്ഥതകളും രോഗങ്ങളുമെല്ലാം ട്രാക്കിലെയും ഫീൽഡിലെയും അവരുടെ പ്രകടനത്തിൽ നിഴലിച്ചുവെന്ന് വിലയിരുത്താം.