meet

കോതമംഗലം: വ്യക്തിഗത ഇനങ്ങളിലെ ട്രിപ്പിൾ സ്വർണ നേട്ടത്തോടെ കോതമംഗലം മാർബേസിലിലെ ജാസിം ജെ. റസാഖും നായരമ്പലം ബി.വി.എച്ച്.എസ്.എസിലെ അദബിയ ഫർഹാനും എറണാകുളം ഗവ.ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിലെ അലീന മരിയ ജോണും റവന്യൂ ജില്ലാ കായികമേളയിലെ മിന്നും താരങ്ങളായി.

100, 200, 400 മീറ്ററുകളിലാണ് ജാസിം സ്വർണം നേടിയത്. 100 മീറ്റർ, ലോംഗ് ജംപ്, 80മീറ്റർ ഹർഡിൽസ് എന്നിവയിലാണ് അദബിയയുടെ സുവർണ നേട്ടം. 1500,400,800 മീറ്ററുകളിലാണ് അലീന മരിയ കനകം കൊയ്തത്.

സീനിയർ താരത്തെ മറികടന്ന് മീറ്റിലെ വേഗമേറിയ അത്‌ലറ്റെന്ന അ പൂർവ്വ നേട്ടം സ്വന്തമാക്കി ആദ്യം ദിനം തന്നെ ജാസിം മീറ്റിൽ ശ്രദ്ധ നേടിയിരുന്നു. മൂവാറ്റുപുഴ ജാസ് മൻസിലിൽ റസാഖിന്റെയും മണിമലക്കുന്ന് ഗവ. കോളജ് അദ്ധ്യാപിക ജിജയുടെയും മകനാണ് പ്ലസ് ൺ വിദ്യാർഥിയായ ജാസിം.

എട്ടാം ക്ലാസ് വിദ്യാർത്ഥിനയായ അദബിയ ഇതാദ്യമായാണ് ജില്ലാ കായികമേളയ്ക്കത്തെുന്നത്. എടവനക്കാട് പള്ളിക്കവലിയവീട്ടിൽ അബ്ദുൾ സമദ്- സുനിത ദമ്പതികളുടെ മകളാണ്. 2022ലെ സംസ്ഥാന ജൂനിയർ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ ലോംഗ് ജംപിലും വെങ്കല മെഡൽ നേടിയിരുന്നു.

ഇരട്ട സഹോദരി അനീറ്റ മരിയയ്‌ക്കൊപ്പം ചേർന്ന് മികച്ച പ്രകടനം പുറത്തെടുത്താണ് അലീന മരിയ ജോൺ മീറ്റിലെ താരമായത്. സീനിയർ വിഭാഗം പെൺകുട്ടികളിൽ രണ്ട് സ്വർണവും ഒരു വെള്ളിയും ഉൾപ്പെടെ 13 പോയിന്റോടെ മണീട് സ്‌കൂളിലെ മേഘ തമ്പിയുമായി അനീറ്ര രണ്ടാം സ്ഥാനം പങ്കിട്ടു. ജീപ്പ് ഡ്രൈവറായ സണ്ണിയുടെയും ബിന്ദുവിന്റെയും മക്കളാണ് കാസർഗോഡ് ചിറ്റാരിക്കൽ സ്വദേശിനികളായ ഇരുവരും.

സീനിയർ ആൺകുട്ടികളിൽ കോതമംഗലം മാർ ബേസിലിലെ ജയൻ ജയൻ 11 പോയിന്റോടെ ഒന്നാമതെത്തി. ജൂനിയർ പെൺകുട്ടികളിൽ 13 പോയിന്റ് നേടി മാതിരിപ്പള്ളി ഗവ. എച്ച്.എസ്.എസിലെ ജാനിസ് തെരേസ റെജി ആദ്യ സ്ഥാനം സ്വന്തമാക്കി.