തൃപ്പൂണിത്തുറ: തൃപ്പൂണിത്തുറ മിനി സിവിൽ സ്റ്റേഷനിലെ ഉപയോഗശൂന്യമായിക്കിടന്ന ആറ് ശൗചാലയങ്ങൾ എഡ്രാക് ഇടപെട്ട് പൂർണമായും പ്രവർത്തനയോഗ്യമാക്കി. ശൗചാലയങ്ങൾക്ക് ആവശ്യമായ ആസിഡ് വാഷുൾപ്പടെയുള്ള കാര്യങ്ങളുടെ ചെലവുകൾ എഡ്രാക്ക് മേഖലാ കമ്മിറ്റി വഹിച്ചു.

സാങ്കേതിക കാരണങ്ങൾ പറഞ്ഞ് താക്കോൽ കൈമാറാതിരുന്ന മൂന്ന് പുതിയ വികലാംഗ സൗഹൃദ ശൗചാലയങ്ങളുടെയും താക്കോൽ നടമ വില്ലേജ് ഓഫീസർ മുഖേന ട്രഷറി ഉദ്യോഗസ്ഥർക്ക് കൈമാറി. ശൗചാലയങ്ങളുടെ ശുചീകരണത്തിനും മറ്റും ഒരു ജീവനക്കാരനെ നിയോഗിക്കാനും അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ട്. എഡ്രാക്ക് ജില്ലാ കമ്മിറ്റി ജനറൽ സെക്രട്ടറി പി.സി. അജിത് കുമാർ, വൈസ് പ്രസിഡന്റ് ആർ.നന്ദകുമാർ, മേഖലാ സെക്രട്ടറി മധുസൂദനൻ, കെ.ജി.അനിൽ, പി.ബി.ബിജു, മിനി സിവിൽ സ്റ്റേഷൻ (ട്രഷറി) സ്റ്റാഫ് കൗൺസിൽ നേതാവ് ഉണ്ണിക്കൃഷ്ണൻ പെരുമ്പളം എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.