കൊച്ചി: തൃപ്പൂണിത്തുറ പിഷാരി കോവിലിലെ തൃക്കാർത്തിക മഹോത്സവം ചക്കംകുളങ്ങര ദേവസ്വം ഓഫീസർ നടത്തണമെന്ന് ഹൈക്കോടതി. ക്ഷേത്രത്തിലെ ഉപദേശക കമ്മിറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടവരെ കമ്മിറ്റിയിലെ അംഗങ്ങളെന്ന നിലയിൽ പ്രവർത്തിക്കാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് എരൂർ സ്വദേശി പി.ബി. ഗിരീഷ് ഉൾപ്പെടെയുള്ളവർ നൽകിയ ഹർജിയിൽ ജസ്റ്റിസ് അനിൽ. കെ. നരേന്ദ്രൻ, ജസ്റ്റിസ് പി.ജി. അജിത് കുമാർ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് ഉത്തരവു നൽകിയത്. ഡിസംബർ ഏഴിനാണ് തൃക്കാർത്തിക ഉത്സവം. ക്ഷേത്രോപദേശക സമിതിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടെങ്കിലും ദേവസ്വം ബോർഡിന്റെ അനുമതി ലഭിക്കാനുള്ള ആഘോഷക്കമ്മിറ്റിയംഗങ്ങളായ നിഖിൽ രാമചന്ദ്രൻ, കെ. അനിൽ കുമാർ, ആർ. രാജേഷ്, എം.ജി ശ്രീകുമാർ എന്നിവർ ദേവസ്വം ഓഫീസറുമായി സഹകരിച്ച് ഉത്സവം നടത്തണം. ക്ഷേത്രോപദേശക സമിതി അക്കൗണ്ടിൽ നിന്ന് ഉത്സവം നടത്താനുള്ള ഫണ്ട് ദേവസ്വം ഓഫീസർക്ക് നൽകണമെന്നും ദേവസ്വം ഓഫീസർ ഭക്തരിൽ നിന്ന് സ്വീകരിക്കുന്ന സംഭാവന പ്രത്യേകം അക്കൗണ്ടിൽ സൂക്ഷിക്കണമെന്നും ഉത്തരവിലുണ്ട്. അസി. ദേവസ്വം കമ്മിഷണർ ഉത്സവത്തിന് മേൽനോട്ടം വഹിക്കണം. ഹർജി ഡിസംബർ 13 നു വീണ്ടും പരിഗണിക്കും.