തൃക്കാക്കര: തൃക്കാക്കര,​ കുന്നത്തുനാട് നിയോജക മണ്ഡലങ്ങളെ ബന്ധിപ്പിക്കുന്ന ബ്രഹ്മപുരം പാലത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കുമ്പോൾ സുഗമമായ ഗതാഗതം ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് ഉമ തോമസ് എം. എൽ.എയുടെ നേതൃത്വത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിനും നിവേദനം നൽകി. ബദൽ സംവിധാനമൊരുക്കാതെ ബ്രഹ്മപുരം പാലം പൊളിച്ചാൽ സ്കൂളുകളിലും ഐ.ടി മേഖല ഉൾപ്പെടെയുള്ള ഓഫീസുകളിലും ജോലി ചെയ്യുന്നവരുടെ യാത്ര ദുഷ്കരമാകുമെന്ന് എം.എൽ.എ ചൂണ്ടിക്കാട്ടി. ഇക്കാര്യം പരിശോധിക്കുമെന്ന് മന്ത്രി മുഹമ്മദ് റിയാസ് എം.എൽ.എക്ക് ഉറപ്പുനൽകി. കുന്നത്തുനാട് മുൻ എം.എൽ.എയും കെ.പി.സി.സി വൈസ് പ്രസിഡന്റുമായ വി.പി സജീന്ദ്രൻ, സമരസമിതി ജനറൽ കൺവീനർ എം.എസ്. അനിൽകുമാർ, തൃക്കാക്കര നിയോജക മണ്ഡലം യു.ഡി.എഫ് ചെയർമാൻ ജോസഫ് അലക്സ്, പി.കെ. അബ്ദുറഹിമാൻ,സലിം, യൂനുസ് തുടങ്ങിയവർ എം.എൽ.എയ്ക്കൊപ്പമുണ്ടായിരുന്നു.