പെരുമ്പാവൂർ: കൂവപ്പടി ഗ്രാമപഞ്ചായത്തിലെ വനംവകുപ്പിന്റെ കീഴിലുള്ള കപ്രിക്കാട് വനമേഖലയിലെ അഭയാരണ്യം ഇക്കോ ടൂറിസം കവാടത്തിന് ചേർന്ന് പദ്ധതി പ്രദേശത്തും ഇതിനോട് ചേർന്നുകിടക്കുന്ന കൃഷിയിടങ്ങളിലും കാട്ടാന കൂട്ടമായി എത്തി കൃഷിനാശം ഉണ്ടാക്കുന്നതിനെതിരെ ജനപ്രതിനിധികളുടെയും വനസംരക്ഷണ സമിതിയുടെയും വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളുടെയും നേതൃത്വത്തിൽ മാർച്ചും ധർണയും നടത്തി. കോടനാട് ഡി.എഫ്.ഒ ഓഫീസിനു മുന്നിൽ നടന്ന ധർണ ബെന്നി ബഹനാൻ എം.പി ഉദ്ഘാടനം ചെയ്തു.

പാണംകുഴി, താളിപ്പാറ, കപ്രിക്കാട് മേഖലയിൽ കാട്ടാനകളുടെയും കാട്ടുപന്നിയുടെയും ശല്യംതടയുന്നതിന് ആവശ്യമായ നടപടി വനംവകുപ്പ് സ്വീകരിക്കണമെന്ന് എം.പി ആവശ്യപ്പെട്ടു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി ബാബു അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ മനോജ് മുത്തേടൻ, വൈസ് പ്രസിഡന്റ് ബേബി തോപ്പിലാൻ, ബ്ലോക്ക് മെമ്പർ അനു അബീഷ് തുടങ്ങിയവർ സംസാരിച്ചു.