പറവൂർ: ആനച്ചാൽ പതിനാറ് ഏക്കർ തണ്ണീർത്തട ഭൂമിയിലെ മുഴുവൻ അനധികൃത നിർമ്മാണ പ്രവർത്തനങ്ങളും നിറുത്തി വയ്ക്കണമെന്നാവശ്യപ്പെട്ട് സബ് കളക്ടർ പി. വിഷ്ണുരാജ് ഉത്തരവായി. സ്വഭാവ വ്യതിയാനം അനുവദിച്ച ഭൂമിയിലല്ലാതെ സമീപത്തെ ഒട്ടേറെ സർവേ നമ്പറുകളിൽപ്പെട്ട ഭൂമിയിൽ അനധികൃത നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചതിനെത്തുടർന്ന് വ്യാപകമായി പരാതി ലഭിച്ചിട്ടുണ്ടെന്നും ഈ സാഹചര്യത്തിൽ കൃത്യമായ പരിശോധന നടത്തി തീർപ്പുകൽപിക്കുന്നതുവരെ ആനച്ചാൽ തണ്ണീർത്തട ഭൂമിയിൽ നിർമാണ പ്രവർത്തനങ്ങൾ നടത്താൻ പാടില്ലെന്നാണ് ഉത്തരവ്. റവന്യു അധികൃതരെത്തി സബ് കളക്ടർ നൽകിയ ഉത്തരവ് തണ്ണീർത്തട ഭൂമിയിൽ പതിച്ചു. സ്ഥലമുടമയുടെ വീട്ടിലെത്തിയും ഉത്തരവ് കൈമാറി.
കോട്ടുവള്ളി പഞ്ചായത്ത് ആറാംവാർഡിൽ ആനച്ചാൽ പുഴയോട് ചേർന്നുള്ള പതിനാറ് ഏക്കർ തണ്ണീർത്തടമാണ് കോടതിവിലക്ക് ലംഘിച്ചു നികത്തിയിരുന്നത്. നിലവിൽ കുറച്ചുഭൂമി മാത്രം തരംമാറ്റിക്കാണിച്ചും വ്യവസായ പാർക്കിനെന്ന് പറഞ്ഞുമായിരുന്നു നികത്തൽ. തണ്ണീർത്തടം നികത്താൻ വിവിധ രാഷ്ട്രീയ പാർട്ടിനേതാക്കൾക്ക് പണം നൽകി സ്വാധീനിച്ചതായും ആക്ഷേപമുണ്ട്. ഇതിനെതിരെ നാട്ടുകാരും പരിസ്ഥിതി പ്രവർത്തകരും പ്രതിഷേധവുമായി രംഗത്ത് വന്നതോടെയാണ് ഇന്നലെ നിർമാണം നിറുത്തിവയ്ക്കാനുള്ള ഉത്തരവ് പതിച്ചത്.
ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടർ ഉഷാ ബിന്ദുമോൾ, പറവൂർ ഭൂരേഖ തഹസിൽദാർ പി. പ്രിയ, കോട്ടുവള്ളി വില്ലേജ് ഓഫീസർ വിനോദ്കുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള റവന്യൂസംഘം സ്ഥലത്തെ സ്ഥിതിഗതികൾ വിലയിരുത്തി.
--------------------------------------------------------------------------------------
സബ് കളക്ടർ നൽകിയ ഉത്തരവ് ലംഘിച്ച് മണ്ണടിക്കൽ നടത്താൻ ശ്രമിച്ചതിനെത്തുടർന്ന് സി.പി.ഐ, എ.ഐ.വൈ.എഫ് പ്രവർത്തകരുടെ നേതൃത്വത്തിൽ മണ്ണുമായെത്തിയ വാഹനങ്ങൾ തടഞ്ഞു. തുടർന്ന് മണ്ണടിക്കുന്നവരും പ്രതിഷേധക്കാരുമായി സംഘർഷമുണ്ടായി. ഇരുപതോളം വലിയ വാഹനങ്ങൾ പ്രതിഷേധക്കാർ തടഞ്ഞിട്ടു. പരാതി പറഞ്ഞെങ്കിലും പറവൂർ പൊലീസ് വാഹനങ്ങൾ പിടിച്ചെടുക്കുവാനോ അനധികൃത മണ്ണടിക്കൽ തടയുവാനോ തയ്യാറായില്ലെന്ന് പ്രതിഷേധക്കാർ പറഞ്ഞു. സി.പി.ഐ ജില്ലാ എക്സിക്യുട്ടീവ് അംഗം ഡിവിൻ കെ.ദിനകരൻ, മണ്ഡലം സെക്രട്ടറി കെ.പി. വിശ്വനാഥൻ, മണ്ഡലം കമ്മിറ്റി അംഗങ്ങളായ ടി.എം. പവിത്രൻ, ടി.എ. ബഷീർ, എ.ഐ.വൈ.എഫ് മണ്ഡലം പ്രസിഡന്റ് ഷിറിയസ് തോമസ്, സെക്രട്ടറി എം.എ. സിറാജ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.