കൊച്ചി: എറണാകുളം സബ് കോടതി വരാന്തയിൽ കൈഞരമ്പുമുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച റിമാൻഡ് പ്രതിക്കെതിരെ സെൻട്രൽ പൊലീസ് കേസെടുത്തു. വൈപ്പിൻ സ്വദേശി തൻസീറാണ് (36) ഇന്നലെ 12 മണിയോടെ ഇടതു കൈഞരമ്പ് മുറിച്ചത്. ഉടൻ എറണാകുളം ജനറൽ ആശുപത്രിയിലെത്തിച്ച് ചികിത്സ നൽകി.
കോടതി നിർദ്ദേശപ്രകാരമാണ് ആത്ഹത്യാ ശ്രമത്തിന് കേസെടുത്തത്.
ഇന്നലെ വിയ്യൂർ സെൻട്രൽ ജയിലിൽ നിന്ന് കേസിൽ ഹാജരാക്കാൻ എത്തിച്ച തൻസീറിനെ വൈകിട്ട് തിരികെ കൊണ്ടുപോയി. പിടിച്ചുപറിയുൾപ്പെടെ കേസുകൾ എറണാകുളത്തെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ ഇയാൾക്കെതിരെയുണ്ട്.
കാണാനെത്തിയവർ കഞ്ചാവ് കൈമാറിയെന്ന സംശയത്തെ തുടർന്ന് ദേഹപരിശോധനയ്ക്ക് ശ്രമിച്ചപ്പോഴാണ് കൈ മുറിച്ചതെന്ന് പൊലീസ് പറയുന്നു. ബ്ളേഡ് കഷണമാണ് ഉപയോഗിച്ചതെന്ന് സംശയിക്കുന്നു. ഇത് കണ്ടെത്താനായില്ല. സഹോദരനും കൂട്ടുപ്രതികളും ഭക്ഷണത്തിന് പണം തരാൻ ശ്രമിച്ചത് തടഞ്ഞ വിഷമത്തിലാണ് കടുംകൈ ചെയ്തതെന്ന് തൻസീർ മാദ്ധ്യമങ്ങളോട് പറഞ്ഞു. പത്തുവർഷമായി താൻ മാനസികപ്രശ്നങ്ങൾക്ക് മരുന്നുകഴിക്കുന്നുണ്ടെന്നും ഇയാൾ വെളിപ്പെടുത്തി.