meet

കോതമംഗലം: മൂന്ന് ദിനങ്ങളിലായി നടന്ന 19-ാമത് എറണാകുളം ജില്ലാ കായികമേളയുടെ ആദ്യദിനം മുതൽ എതിരാളികളെ കാതങ്ങൾ പിന്നിലാക്കി കുതിച്ച കോതമംഗലം ഉപജില്ല തുടർച്ചയായ 19-ാം തവണയും ജേതാക്കളായി. ട്രാക്കിലും ഫീൽഡിലും സമഗ്രാധിപത്യത്തോടെ 45 സ്വർണവും 35 വെള്ളിയും 17 വെങ്കലവും ഉൾപ്പെടെ 375 പോയിന്റോടെയാണ് കോതമംഗലം കിരീടം ചൂടിയത്. മറ്റ് ഉപജില്ലകൾ പോയിന്റിൽ മൂന്നക്കം പോലും കടന്നില്ല. രണ്ടാം സ്ഥാനത്തെത്തിയ അങ്കമാലിക്ക് 93 പോയിന്റ് മാത്രം. മൂ ന്നാം സ്ഥാനത്തുള്ള പിറവം ഉപജില്ലയ്ക്ക് 88 പോയിന്റ് നേടാനേ സാധിച്ചുള്ളൂ. മാർ ബേസിൽ

സ്‌കൂളും മാതിരപ്പള്ളി സ്‌കൂളുമാണ് കോതമംഗലത്തിന്റെ മുന്നേറ്റത്തിന് കരുത്ത് പകർന്നത്.

സീനിയർ പെൺകുട്ടികളുടെ ഹാമർത്രോയിൽ മാതിരപ്പള്ളി ജി.വി.എച്ച്.എസ്.എസിലെ ആൻ മരിയ ടെറിൻ നേടിയതാണ് മേളയിലെ ഒരേയൊരു മീറ്റ് റെക്കാഡ്. മത്സരിച്ച മൂന്ന് വ്യക്തിഗത ഇനങ്ങളിലും സ്വർണ നേട്ടത്തോടെ കോതമംഗലം മാർബേസിലിലെ ജാസിം ജെ. റസാഖും നായരമ്പലം ബി.വി.എച്ച്.എസ്.എസിലെ അദബിയ ഫർഹാനും എറണാകുളം ഗവ.ജി.എച്ച്.എസിലെ അലീന മരിയ ജോണും മീറ്റിലെ താരങ്ങളായി.

സ്‌കൂളുകളിൽ മാർ ബേസിൽ
21 സ്വർണവും 15വെള്ളിയും 11വെങ്കലവുമായി 151 പോയിന്റുമായി കോതമംഗലം മാർ ബേസിൽ എച്ച്.എസ്.എസ് സ്‌കൂളുകളിൽ ചാമ്പ്യൻമാരായി. കോതമംഗലം ഉപജില്ലയിലെ തന്നെ മാതിരപ്പള്ളി വി.എച്ച്.എസ്.എസ് 97 പോയിന്റോടെ രണ്ടാമതെത്തി. 12 സ്വർണവും 11 വെള്ളിയും നാല് വെങ്കലവുമുൾപ്പെടെയാണിത്. അഞ്ചു സ്വർണവും ആറ് വീതം വെള്ളിയും വെങ്കലവുമടക്കം 49 പോയിന്റുമായി പിറവം ഉപജില്ലയുടെ മണീട് ഗവ.എച്ച്.എസ് മൂന്നാം സ്ഥാനം സ്വന്തമാക്കി.

അങ്കമാലി ഉപജില്ലയിലെ സേക്രഡ് ഹാർട്ട് ഓർഫനേജ് എച്ച്.എസ്- (41 പോയിന്റ്)​, എറണാകുളം ഗവ.ഗേൾസ് എച്ച്.എസ്.എസ് (32)​ എന്നിവയാണ് നാലും അഞ്ചും സ്ഥാനങ്ങളിൽ


മറ്റ് ഉപജില്ലകളുടെ പോയിന്റ് (സ്വർണം, വെള്ളി, വെങ്കലം, ആകെ പോയിന്റ് എന്നിങ്ങനെ)

എറണാകുളം: 10, 9, 6 - 83
പെരുമ്പാവൂർ: 3, 8, 19 - 65
ആലുവ: 4, 6, 11 - 59
വൈപ്പിൻ: 5, 2, 9 - 48
തൃപ്പൂണിത്തുറ: 4, 4, 5 - 37
നോർത്ത് പറവൂർ: 3, 4, 3 - 36
കല്ലൂർക്കാട്: 2, 2, 2 - 24
മൂവാറ്റുപുഴ: 2, 2, 1 - 21
കോലഞ്ചേരി: 1, 4, 2 - 19
കൂത്താട്ടുകുളം: 0, 1, 0 - 3
മട്ടാഞ്ചേരി: 0, 0, 1 - 1