ee

കൊച്ചി: വർഷങ്ങളോളം കേസുകൾ തീർപ്പാകാതെ നീണ്ടുപോകുന്ന സാഹചര്യം ഒഴിവാക്കാൻ കോടതികൾ ആത്മപരിശോധന നടത്തണമെന്ന് ഹൈക്കോടതി. പഴയ കേസുകൾ വേഗത്തിൽ തീർപ്പാക്കിയില്ലെങ്കിൽ നീതിന്യായ സംവിധാനത്തിൽ ജനങ്ങൾക്കുള്ള വിശ്വാസം നഷ്ടമാകുമെന്നും ജസ്റ്റിസ് പി. വി. കുഞ്ഞികൃഷ്ണൻ

ചൂണ്ടിക്കാട്ടി.

കേസിൽ അകപ്പെട്ടതിനെത്തുടർന്ന് ആനുകൂല്യങ്ങൾ നിഷേധിച്ചതിനെതിരെ, കൊടുങ്ങല്ലൂർ ടൗൺ സർവീസ് സഹകരണ ബാങ്കിലെ ചീഫ് അക്കൗണ്ടന്റായി വിരമിച്ച എം.കെ. സുരേന്ദ്രബാബു നൽകിയ ഹർജിയിലാണ് സിംഗിൾബെഞ്ച് ഇക്കാര്യം പറഞ്ഞത്.

2010ൽ ഹർജി ഫയൽ ചെയ്യുമ്പോൾ ഹർജിക്കാരന് 61 വയസായിരുന്നു. ഇപ്പോൾ 70 വയസ് പിന്നിട്ടു. ഹർജിക്കാരന്റെ ആദ്യ ഹർജി 13 വർഷമായി ഹൈക്കോടതിയിൽ നിലവിലുണ്ടായിരുന്നത് തീർപ്പാക്കി. ഉപജീവനത്തിനു വേണ്ടിയാണ് ഇത്രയും വർഷം ഹർജിക്കാരൻ കേസു നടത്തിയത്. 20 വർഷം വരെ പഴക്കമുള്ള കേസുകൾ തീർപ്പാക്കാതെ കിടക്കുന്നു.

പരിതാപകരമായ ഈ സ്ഥിതിയിൽ രജിസ്ട്രിക്ക് ഉത്തരവാദിത്വമുണ്ട്. ജഡ്ജിമാർക്ക് പഴയ കേസുകളെക്കുറിച്ച് അറിവുണ്ടാകില്ല. വേഗത്തിൽ പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടില്ലെങ്കിൽ കേസുകൾ ലിസ്റ്റ് ചെയ്യാതെ പോകുന്ന സാഹചര്യം ഹൈക്കോടതിയിലുണ്ട്. വേഗം പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടാലും നടപടിയില്ലെന്ന് അഭിഭാഷകർക്കിടയിൽ പരാതിയുണ്ട്. ഹൈക്കോടതിയിൽ നിലവിലുള്ള പഴയ കേസുകളുടെ വിവരങ്ങൾ രജിസ്ട്രാർ ജനറലും ജുഡിഷ്യറി രജിസ്ട്രാറും ചീഫ് ജസ്റ്റിസിന്റെ ശ്രദ്ധയിൽപ്പെടുത്തണം.

കേസിങ്ങനെ

കൊടുങ്ങല്ലൂർ ടൗൺ സർവീസ് സഹകരണ ബാങ്കിൽ സുരേന്ദ്രബാബു മാനേജരായിരിക്കെ വ്യാജസ്വർണം പണയം വച്ച് ചിലർ വായ്‌പയെടുത്തിരുന്നു. സുരേന്ദ്രബാബുവിനെതിരെ ബാങ്ക് നടപടി സ്വീകരിച്ചു. പണയ സ്വർണം പരിശോധിച്ച് ഉറപ്പാക്കേണ്ട ചുമതല ഗോൾഡ് അപ്രൈസർക്കാണെന്നിരിക്കെ, തന്നെ പ്രതി ചേർത്തതിനെയും ആനുകൂല്യങ്ങൾ നിഷേധിച്ചതിനെയും ചോദ്യം ചെയ്ത് സുരേന്ദ്ര ബാബു വിവിധ കോടതികളെയും ട്രൈബ്യൂണലുകളെയും സമീപിച്ചിരുന്നു. അവിടെ നിന്നെല്ലാം അനുകൂല വിധിയുണ്ടായിട്ടും വിരമിക്കൽ ആനുകൂല്യങ്ങൾ ഉൾപ്പെടെ നിഷേധിക്കപ്പെട്ടു. തട്ടിപ്പിൽ ബാങ്ക് മാനേജരെന്ന നിലയിൽ സുരേന്ദ്രബാബുവിന് ഉത്തരവാദിത്വമുണ്ടെന്നായിരുന്നു ആർബിട്രേറ്ററുടെ കണ്ടെത്തൽ. ഇതു സഹകരണ ട്രൈബ്യൂണൽ ശരി വച്ചു. ഇതടക്കമുള്ള നടപടികളാണ് ഹർജിക്കാരൻ ഹൈക്കോടതിയിൽ ചോദ്യം ചെയ്തത്. ആർബിട്രേറ്ററുടെ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. 25 വർഷത്തോളം ഹർജിക്കാരനെ കേസിൽ കുടുക്കിയതിന് ബാങ്കിനെതിരെ പിഴ ചുമത്തേണ്ടതാണെന്നും കോടതി പറഞ്ഞു. ഹർജിക്കാരന് അർഹമായ ആനുകൂല്യങ്ങൾ നൽകണം.