car
ത്തപകടത്തിൽ തകർന്ന കാർ

കോലഞ്ചേരി: മലപ്പുറം കോട്ടയ്ക്കൽ വെന്നിയൂരിൽ നിന്ന് വാഗമണ്ണിലേക്ക് വിനോദയാത്ര പോയ കുടുംബത്തിന്റെ കാർ എം.സി റോഡിലെ മണ്ണൂരിൽ ഭാരത് പെട്രോളിയം പമ്പിന് മുന്നിൽ നിറുത്തിയിട്ടിരുന്ന ടോറസ് ടിപ്പർ ലോറിയിൽ ഇടിച്ച് ഒരാൾ മരിച്ചു. നാലു പേർക്ക് പരിക്കേറ്റു. ഇന്നലെ രാവിലെ 7 മണിയോടെയായിരുന്നു അപകടം.

വെന്നിയൂർ കല്ലകോട്ടിൽ ശശിധരന്റെ മകൻ ജിനീഷ് (38) ആണ് മരിച്ചത്. ഭാര്യ ബംഗളൂരു സ്വദേശി അഞ്ജു അരവിന്ദ് (28),മകൾ മിഴി (3),ജിനീഷിന്റെ മാതാവ് കോമളവല്ലി (59),ബന്ധു മലപ്പുറം കോലത്തൂർ കളരിക്കൽ രാജേഷ് (38) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ ആലുവ രാജഗിരി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. രാജേഷാണ് അപകട സമയത്ത് കാർ ഓടിച്ചിരുന്നത്. എം.സി റോഡിൽ തെറ്റായ ദിശയിൽ വന്ന കാർ ലോറിയുടെ മുൻഭാഗത്തേക്ക് ഇടിച്ചു കയറുകയായിരുന്നു. പൂർണമായി തകർന്ന കാർ വെട്ടിപൊളിച്ചാണ് പരിക്കേറ്റവരെ നാട്ടുകാർ പുറത്തെടുത്തത്. ജിനീഷിന്റെ മൃതദേഹം പെരുമ്പാവൂർ താലൂക്ക് ആശുപത്രി​യി​ൽ പോസ്റ്റുമോർട്ടത്തി​ന് ശേഷം നാട്ടി​ലേക്ക് കൊണ്ടുപോയി​.