പ്രതി ഗോവ കോടതിയിൽ നിന്ന് ട്രാൻസിറ്റ് ജാമ്യം നേടി
ആലുവ: 108 കോടിയിലധികം രൂപയും 1300 പവനും ഒന്നരക്കോടിയോളം രൂപ വിലവരുന്ന ആഡംബരകാറും തട്ടിയെടുത്തതായി മരുമകനെതിരെ പ്രവാസിയുടെ പരാതി. ആലുവ തൈനോത്തിൽ റോഡിൽ താമസിക്കുന്ന അബ്ദുൾ ലാഹിർ ഹുസൈനാണ് കാസർകോട് ചെർക്കളം സ്വദേശിയായ മുഹമ്മദ് ഹഫീസി (28)നെതിരെ ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകിയത്.
പരാതിയുടെ അന്വേഷണച്ചുമതല ഡിവൈ.എസ്.പി പി. രാജീവിന് കൈമാറിയിട്ടുണ്ട്. 2018ലായിരുന്നു മുഹമ്മദ് ഹഫീസും അബ്ദുൾ ലാഹിർ ഹുസൈന്റെ മകളുമായുള്ള വിവാഹം. 1300 പവൻ സ്വർണാഭരണങ്ങളും ഒന്നരക്കോടിയോളം രൂപ വിലവരുന്ന റേഞ്ച് റോവറും സ്ത്രീധനമായി നൽകി. കാസർകോട്, മംഗലാപുരം മേഖലയിൽ കുദ്രോളി ബിൽഡേഴ്സ് എന്ന പേരിൽ പിതാവ് മുഹമ്മദ് ഷാഫിക്കൊപ്പം കൺസ്ട്രക്ഷൻ കമ്പനി നടത്തുകയായിരുന്നു മുഹമ്മദ് ഹഫീസ്. ദുബായിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ നടത്തുകയാണ് അബ്ദുൾ ലാഹിർ ഹുസൈൻ. പ്രതിയുമായുള്ള മകളുടെ വിവാഹ മോചന നടപടികൾ പുരോഗമിക്കുകയാണ്.
ബിസിനസ് ആവശ്യത്തിനെന്ന പേരിൽ പല ഘട്ടങ്ങളായി തെറ്റിദ്ധരിപ്പിച്ച് പണം തട്ടിയെടുത്തതായാണ് പരാതി. പല ഭാഗങ്ങളിലായി സ്ഥലവും കെട്ടിടങ്ങളും വാങ്ങിയതിന്റെ വ്യാജ രേഖകൾ കാണിച്ചാണ് പണം വാങ്ങിയത്. കമ്പനിയിൽ എൻഫോഴ്‌സ്‌മെന്റ് റെയ്ഡ് നടന്നതിനാൽ പിഴയടയ്ക്കാനെന്ന പേരിൽ 3.9 കോടി രൂപ വാങ്ങിയാണ് തട്ടിപ്പിന് തുടക്കം. ബംഗളൂരു ബ്രിഗേഡ് റോഡിൽ കെട്ടിടം വാങ്ങാൻ പണം വാങ്ങിയെങ്കിലും നൽകിയത് വ്യാജരേഖകളായിരുന്നു. രാജ്യാന്തര ഫുട് വെയർ ബ്രാൻഡ് ഷോറൂം, കിഡ്‌സ് വെയർ ശൃംഖല എന്നീ മേഖലകളിൽ പണം മുടക്കാനെന്ന പേരിലും പണം തട്ടി.
ബോളിവുഡ് താരം സോനം കപൂറിനെന്ന പേരിൽ 35 ലക്ഷം രൂപയോളം ചെലവഴിച്ച് വസ്ത്രം ഡിസെൻ ചെയ്യിച്ച് ബുട്ടീക്ക് ഉടമയായ ഭാര്യാ മാതാവിനെ കബളിപ്പിച്ചു. മകൾക്ക് വിവാഹ സമ്മാനമായി നൽകിയ 1300 പവൻ സ്വർണവും വജ്രവുമടങ്ങുന്ന ആഭരണങ്ങൾ പ്രതി വിറ്റു. കൊച്ചിയിൽ മീഡിയ ഏജൻസി നടത്തിയിരുന്ന സുഹൃത്ത് അക്ഷയ് തോമസ് വൈദ്യനുമായി ചേർന്നായിരുന്നു തട്ടിപ്പെന്നും പരാതിയിലുണ്ട്.
മുഹമ്മദ് ഹഫീസും മാതാപിതാക്കളുമാണ് ആദ്യ മൂന്നു പ്രതികൾ. വ്യാജരേഖ ചമയ്ക്കാൻ സഹായിച്ച അക്ഷയ് തോമസ് വൈദ്യനാണ് നാലാം പ്രതി. അന്വേഷണത്തിൽ പരാതി സത്യമാണെന്ന് കണ്ടെത്തിയെങ്കിലും ഗോവ ഹൈക്കോടതിയിൽ നിന്ന് മുഹമ്മദ് ഹഫീസ് ട്രാൻസിറ്റ് ജാമ്യം നേടിയതിനാലാണ് അറസ്റ്റ് ചെയ്യാതിരുന്നതെന്ന് ഡിവൈ.എസ്.പി പി.കെ. ശിവൻകുട്ടി 'കേരളകൗമുദി'യോട് പറഞ്ഞു.