കൊച്ചി: വരാഹരൂപം എന്ന ഗാനം ഉൾപ്പെടുത്തി കാന്താര എന്ന ചിത്രം ഒ.ടി.ടിയിലുൾപ്പെടെ പ്രദർശിപ്പിക്കുന്നതു തടഞ്ഞ കോഴിക്കോട് ജില്ലാ കോടതിയുടെ ഉത്തരവിനെതിരെ ചിത്രത്തിന്റെ നിർമ്മാതാക്കളായ ഹോംബാലെ ഫിലിംസ് നൽകിയ ഹർജി ഹൈക്കോടതി തള്ളി. ജില്ലാ കോടതിയുടെ ഉത്തരവിനെതിരെ കീഴ്‌ക്കോടതിയിൽ തന്നെ അപ്പീൽ നൽകാമെന്നിരിക്കെ ഹൈക്കോടതിയെ സമീപിച്ചതെന്തിനാണെന്ന് മനസിലാകുന്നില്ലെന്നും ഹൈക്കോടതി പറഞ്ഞു. ജസ്റ്റിസ് സി.എസ് ഡയസാണ് ഹർജി പരിഗണിച്ചത്. മാതൃഭൂമി മ്യൂസിക്കിനു വേണ്ടി തങ്ങൾ ഒരുക്കിയ പാട്ടിന്റെ പകർപ്പാണ് ഈ ഗാനമെന്നാരോപിച്ച് തൈക്കുടം ബ്രിഡ്‌ജ ഫയൽ ചെയ്ത ഹർജിയിലാണ് കോഴിക്കോട് ജില്ലാ കോടതി ഈ ഗാനം ഉൾപ്പെടുത്തി ചിത്രം പ്രദർശിപ്പിക്കുന്നതു വിലക്കിയത്. ഹർജിക്കാർക്ക് കീഴ്‌ക്കോടതിൽ തങ്ങളുടെ വാദങ്ങൾ ഉന്നയിക്കാമെന്ന് വ്യക്തമാക്കിയാണ് സിംഗിൾബെഞ്ച് ഹർജി തള്ളിയത്.