പെരുമ്പാവൂർ: സ്വന്തം സ്കൂളിൽ നടക്കുന്ന ഉപജില്ലാ സ്കൂൾ കലോത്സവം കാണാൻ വീട്ടുകാർ അനുവദിക്കാത്ത വിഷമത്തിൽ പത്താം ക്ളാസ് വിദ്യാർത്ഥിനി ജീവനൊടുക്കി​. പെരുമ്പാവൂർ ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥിനി വെങ്ങോല തണ്ടേക്കാട് തോട്ടയ്ക്കാപ്പറമ്പിൽ ഗോപിയുടെ മകൾ അനന്യ (14) യാണ് മരിച്ചത്. ചുമട്ടുതൊഴിലാളിയായ ഗോപിയും അങ്കണവാടി ജീവനക്കാരിയായ മാതാവ് ബീനയും പകൽ വീട്ടിലുണ്ടായിരുന്നില്ല. വൈകിട്ട് 6 മണിയോടെ ബീനഎത്തിപ്പോൾ കുട്ടിയുടെ മുറി അകത്തു നിന്ന് പൂട്ടിയ നിലയിലായിരുന്നു. തട്ടി വിളിച്ചിട്ടും തുറക്കാത്തതിനാൽ അടുത്ത വീട്ടുകാരെ വിളിച്ച് വാതിൽ ചവിട്ടിപ്പൊളിച്ച് നോക്കിയപ്പോഴാണ് കിടപ്പുമുറിയിലെ ഫാനിൽ തൂങ്ങിയ നിലയിൽ കണ്ടത്. ഉടൻ പെരുമ്പാവൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. അതുലാണ് സഹോദരൻ. യുവജനോത്സവത്തിന്റെ അവസാന ദിവസമായ ഇന്നത്തെ മത്സരങ്ങളെല്ലാം മരണത്തെ തുടർന്ന് നാളത്തേക്ക് മാറ്റി.