tessy
ഡോ. ടെസി തോമസ്

കൊച്ചി: ശാസ്ത്രാഭിമുഖ്യമുള്ള യുവതലമുറയെ വാർത്തെടുക്കാൻ മുൻരാഷ്ട്രപതി ഡോ.എ.പി.ജെ. അബ്ദുൾ കലാം 2011ൽ തുടക്കം കുറിച്ച വിക്രം സാരാഭായി സയൻസ് പാർക്ക് നടത്തുന്ന സയൻസ് പ്രമോഷൻ ഓറിയന്റ് ടെസ്റ്റ് (സ്‌പോട്ട്) പത്താം വർഷത്തിലേക്ക്. വാർഷികത്തിന്റെ ഭാഗമായി 26ന് സയൻസ് റൗണ്ട് ടേബിളും ആദരിക്കലും സംഘടിപ്പിക്കും.
കാക്കനാട്ടെ സയൻസ് പാർക്കിൽ 26ന് ഉച്ചയ്ക്ക് 2.30 ന് ഇന്ത്യയുടെ മിസൈൽ വനിതയെന്നറിയപ്പെടുന്ന ഏയ്‌റോനോട്ടിക്കൽ സിസ്റ്റംസ് ഡയറക്ടർ ജനറലും അഗ്‌നി നാല് മിസൈൽ പദ്ധതിയുടെ പ്രോജക്ട് ഡയറക്ടറുമായിരുന്ന ഡോ. ടെസി തോമസ് മുഖ്യാതിഥിയാകും. ഐ.എസ്.ആർ.ഒ മുൻ ചെയർമാനും സയൻസ് ഫൗണ്ടേഷൻ ചെയർമാനുമായ ഡോ. ജി. മാധവൻ നായർ അദ്ധ്യക്ഷത വഹിക്കും. കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ച് ഐക്യരാഷ്ട്രസഭ സംഘടിപ്പിച്ച സമ്മേളനത്തിൽ പ്രസംഗിച്ച് ശ്രദ്ധ നേടിയ തമിഴ്‌നാട് സ്വദേശിനി വിനിഷ ഉമാ ശങ്കർ ഉൾപ്പെടെ 300ലേറെ വിദ്യാർത്ഥികളും പങ്കെടുക്കുമെന്ന് വിക്രം സാരാഭായ് സയൻസ് ഫൗണ്ടേഷൻ സി.ഇ.ഒ ഡോ. ഇന്ദിര രാജൻ പറഞ്ഞു. നാല് മുതൽ പ്ലസ് ടു വരെ വിദ്യാർത്ഥികൾക്ക് മൂന്നു ഘട്ടങ്ങളിലായി നടത്തുന്ന പരീക്ഷയിലെ മികച്ച നൂറുപേർക്ക് ശാസ്ത്രജ്ഞർ മെൻഡർമാരായി ക്ലാസുകൾ നൽകും. ശ്രീഹരിക്കോട്ട, സതീഷ് ധവാൻ സ്‌പേസ് സെന്റർ, ലോഞ്ചിംഗ് പാഡ്, വിക്രം സാരാഭായി സയൻസ് സെന്റർ തുടങ്ങിയ സ്ഥാപനങ്ങൾ സന്ദർശിച്ച് ശാസ്ത്രജ്ഞരുമായി സംവദിക്കാനും അവസരങ്ങൾ ലഭ്യമാക്കിയിട്ടുണ്ടെന്ന് ഡോ. ഇന്ദിര രാജൻ പറഞ്ഞു. വിവരങ്ങൾക്ക് : www.ssf.in