കൊച്ചി: സ്വതന്ത്ര സോഫ്റ്റ്‌വെയറുകളെ പ്രോത്സാഹിപ്പിക്കാൻ നെതർലൻഡ്‌സ് ആസ്ഥാനമായ ഡച്ച് കമ്പനിയായ സി.ഐ.ടി സർവീസസ് വിദ്യാർത്ഥികൾക്കായി സെമിനാറുകൾ, ശില്പശാലകൾ തുടങ്ങിയവ സംഘടിപ്പിക്കും. സംരംഭങ്ങളെ സ്വതന്ത്ര സോഫ്‌റ്റ്‌വെയർ പ്രയോജനപ്പെടുത്താനും സഹായിക്കും.
ബിസിനസ് സമൂഹത്തിന് സാമ്പത്തികനേട്ടവും സുരക്ഷിതത്വവും അവസരങ്ങളും സ്വതന്ത്ര സോഫ്റ്റ്‌വെയർ നൽകുമെന്ന് സി.ഐ.ടി സർവീസസിന്റെ സി.ഇ.ഒയും മലയാളിയുമായ റിച്ചാർഡ് വർഗീസ് പറഞ്ഞു.
യു.ബി പോർട്‌സ് ഫൗണ്ടേഷന്റെ ഉബുണ്ടു ടച്ച്, ഓടു കമ്മ്യൂണിറ്റി അസോസിയേഷന്റെ ഓടു എന്നീ സോഫ്‌റ്റ്‌വെയറുകൾക്കാണ് പ്രധാന്യം നൽകുക. സ്വകാര്യതയും തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യവുമാണ് ഏറ്റവും പ്രധാനമെന്ന ആശയത്തിലൂന്നിയാണ് വിശ്വാസ്യയോഗ്യവും കാര്യക്ഷമവുമായ സ്വതന്ത്ര സോഫ്റ്റ്‌വെയറുകൾ പ്രോത്സാഹിപ്പിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.