malinnam
ചാലക്കുടി ഇടതുകര കനാലിലൂടെ വെള്ളം വിട്ടപ്പോൾ കഴുകിയെത്തിയ മാലിന്യക്കൂമ്പാരം

അങ്കമാലി: ചാലക്കുടി ഇടതുകര കനാൽവഴി ഇന്നലെ വെള്ളം തുറന്ന് വിട്ടപ്പോൾ ഒഴുകിയെത്തിയത് മാലിന്യക്കൂമ്പാരം. മൂക്കന്നൂർ പഞ്ചായത്തിലെ കോക്കുന്ന് സെഹിയോൻ ജംഗ്ഷന് സമീപത്തുനിന്ന് വിവിധ പഞ്ചായത്ത്‌ പ്രദേശങ്ങളിലേക്ക് ബ്രാഞ്ച് കനാലുകൾ വേർതിരിയുന്ന ഭാഗത്താണ് മിനി ഷട്ടറുകളിൽ കുടുങ്ങി ഒഴുകിപ്പോകാനാകാതെ മാലിന്യം കുമിഞ്ഞുകൂടിയത്. വിവിധ റോഡുകൾ വേർതിരിയുന്ന ഇവിടെ പാലത്തിന് അടിത്തട്ടിൽ വെള്ളത്തിന്റെ ഒഴുക്കിനെ തടസപ്പെടുത്തി തങ്ങിനിന്ന മലിനവസ്തുക്കൾ പ്രദേശവാസികളായ യുവാക്കൾ ഏറെനേരം പണിപ്പെട്ടാണ് നീക്കംചെയ്തത്. പനയുടെ കടക്കുറ്റി മുതൽ നൂറുകണക്കിന് പ്ലാസ്റ്റിക് കുപ്പികൾ, മത്സ്യ -മാംസ വേസ്റ്റുകൾ തുടങ്ങിയവയാണ് ഇവിടേയ്ക്ക് ഒഴുകിയെത്തിയത്. മണിക്കൂറുകളോളം ഈ പാഴ് വസ്തുക്കൾ കനാൽ വെള്ളത്തിന്റെ ഒഴുക്കിനെ തടസപ്പെടുത്തി. അതുവഴി പോയ ജെ.സി.ബിക്കാരനെക്കൊണ്ടാണ് പനയുടെ കടഭാഗം പൊക്കിയെടുത്തത്. ശുചീകരണത്തിന് വാർഡ് മെമ്പർ എൻ.ഒ. കുര്യാച്ചൻ നേതൃത്വം നൽകി.

*കിണറുകളിലെ കുടിവെള്ളവും മലിനമായി

ചാക്കിലും പ്ലാസ്റ്റിക് കവറുകളിലും കെട്ടിയ നിലയിലാണ് ഇറച്ചിക്കടകളിലെ വേസ്റ്റുകളും മറ്റും കാണപ്പെട്ടത്. രൂക്ഷമായ ദുർഗന്ധത്തിന് പുറമെ ചെളിനിറഞ്ഞ് കലങ്ങിയ നിലയിലാണ് വെള്ളമെത്തിയത്. ഇത്രയും മാലിന്യം നിറഞ്ഞ കനാൽ വെള്ളത്തിൽ നിന്നുള്ള ഒഴുക്ക് സമീപമുള്ള ഒട്ടേറെ കിണറുകളിലെ കുടിവെള്ളവും മലിനമാക്കി. കഴിഞ്ഞദിവസങ്ങളിൽ തൊഴിലുറപ്പ് തൊഴിലാളികൾ കനാൽ വൃത്തിയാക്കൽ ജോലി നടത്തിയിരുന്നു.

*സത്വരനടപടി വേണം

ഇവിടെ മാലിന്യവസ്തുക്കൾ യഥാസമയം നീക്കം ചെയ്യുന്നതിനും കനാൽ വെള്ളത്തിന്റെ ഒഴുക്ക് സുഗമമാക്കുന്നതിനും ഇറിഗേഷൻ വകുപ്പ് തലത്തിൽ സത്വര നടപടിയുണ്ടാകണമെന്നും കനാലിൽ മാലിന്യം തള്ളുന്നവർക്കെതിരെ നിയമ നടപടികൾ സ്വീകരിക്കണമെന്നും സോഷ്യൽ ആക്ഷൻ ഫോറം മേഖലാ കൺവീനർ സാജു ഏനായി ആവശ്യപ്പെട്ടു.