maharajass
മഹാരാജാസ് കോളേജിലെ സാമ്പത്തിക ശാസ്ത്ര വിഭാഗം പൂർവ അദ്ധ്യാപക- വിദ്യാർത്ഥി കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ കോളേജ് അങ്കണത്തിൽ വെച്ച് നടന്ന ഒത്തുചേരലിൽ നിന്ന്‌

കൊച്ചി: മഹാരാജാസ് കോളേജിലെ സാമ്പത്തിക ശാസ്ത്ര വിഭാഗം പൂർവ അദ്ധ്യാപക- വിദ്യാർത്ഥി കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ പൂർവ്വ അദ്ധ്യാപക- വിദ്യാർത്ഥി സംഗമം നടത്തി. 1960 മുതൽ കലാലയത്തിൽ പഠിപ്പിച്ചതും പഠിച്ചതുമായ അദ്ധ്യാപകരും വിദ്യാർത്ഥികളുമാണ് കാമ്പസിൽ ഒത്തു ചേർന്നത്. 'ഓർമ്മക്കൂട്ട്' എന്ന പേരിൽ നടന്ന സംഗമം കോളജിലെ പൂർവ വിദ്യാർത്ഥിയും എഴുത്തുകാരനുമായ എൻ.എസ്. മാധവൻ ഉദ്ഘാടനം ചെയ്തു. പരിപാടിയുടെ ഭാഗമായി പൂർവ അദ്ധ്യാപകരെ ആദരിച്ചു. മഹാരാജാസ് കോളേജ് ഗവേണിംഗ് കൗൺസിൽ ചെയർമാൻ ഡോ.രമാകാന്തൻ അദ്ധ്യക്ഷനായ ചടങ്ങിൽ കോളേജ് വൈസ് പ്രിൻസിപ്പൽ ഡോ.ബിന്ദു ശർമിള,​ സാമ്പത്തിക ശാസ്ത്രം വിഭാഗം അസോസിയേറ്റ് പ്രൊഫസർ ഡോ. പ്രദീപ്കുമാർ,​ മുൻ അദ്ധ്യാപിക ഡോ.കെ. പ്രസന്ന, മഹാരാജാസ് കോളേജ് ഓൾഡ് സ്റ്റുഡന്റ്‌സ് അസോസിയേഷൻ പ്രസിഡന്റ് സി.ഐ.സി.സി ജയചന്ദ്രൻ, അഡ്വ. അഭിരാം എന്നിവർ സംസാരിച്ചു.

സാമ്പത്തിക ശാസ്ത്ര വിഭാഗത്തിലെ വിദ്യാർത്ഥികൾ നടത്തി വരുന്ന 'നന്മമരം'എന്ന സാമൂഹ്യ സേവന കൂട്ടായ്മയുടെ കീഴിൽ ഭക്ഷ്യമേള, വിദ്യാർത്ഥികളുടെ ക്രാഫ്റ്റ്, പെയിന്റിംഗ് പ്രദർശനം എന്നിവയും സംഘടിപ്പിച്ചു.

സാമ്പത്തിക ശാസ്ത്ര വിഭാഗത്തിന്റെ മേധാവി ആയ ഡോ. സുനിൽ കുമാർ. എസ് മേനോൻ ആണ് അസോസിയേഷന്റെ പുതിയ ചെയർമാൻ.