കോലഞ്ചേരി: മഴുവന്നൂർ പഞ്ചായത്തിലെ വലമ്പൂരിൽ അനധികൃത മണ്ണെടുപ്പിനെതിരെ നടന്ന സമരത്തിൽ പങ്കാളികളായവർക്കെതിരെ എടുത്ത കേസിലെ മുഴുവൻ പ്രതികളെയും കോലഞ്ചേരി ഗ്രാമന്യായാലയ കോടതി വെറുതെ വിട്ടു. മഴുവന്നൂരിലും പരിസരപ്രദേശങ്ങളിലും യാതൊരുവിധ അനുമതിയും ഇല്ലാതെ മണ്ണെടുത്ത സാഹചര്യത്തിലാണ് വലമ്പൂർ വാർഡ് വികസനസമിതിയുടെയും പരിസ്ഥിതി സംരക്ഷണസമിതിയുടെയും നേതൃത്വത്തിൽ കൊട്ടിക്കാമലയിൽ അനധികൃതമായി ആരംഭിച്ച മണ്ണെടുപ്പിനെതിരെ സമരം തുടങ്ങിയത്. കുടിവെള്ള പ്രശ്‌നം നേരിടുന്ന പ്രദേശമാണിത്. ടാങ്കറുകളിലാണ് വെള്ളമെത്തിക്കുന്നത്. അതോടെ നാട്ടുകാർ ഒന്നടങ്കം സമരരംഗത്തിറങ്ങി. മണ്ണെടുക്കൽ തടഞ്ഞ് നടത്തിയ സമരത്തിൽ സ്ത്രീകളടക്കം നൂറോളംപേരെ കുന്നത്തുനാട് പൊലീസ് അറസ്​റ്റ് ചെയ്തു. മുൻ എം.എൽ.എ എം.പി. വർഗീസ്, അന്നത്തെ പഞ്ചായത്ത് പ്രസിഡന്റ് അമ്മുക്കുട്ടി സുദർശൻ, വൈസ് പ്രസിഡന്റ് വി. ഫിലിപ്പ്, പഞ്ചായത്ത് അംഗമായിരുന്ന അരുൺ വാസു അടക്കം 80 പേർക്കെതിരെ കേസെടുത്തിരുന്നു. പ്രതികൾക്കു വേണ്ടി അഡ്വ. കെ.എ. ബെന്നി ഹാജരായി.