ആലുവ: രണ്ടരവർഷംമുമ്പ് കുടുംബാരോഗ്യ കേന്ദ്രമാക്കി ഉയർത്തിയ കീഴ്മാട് കുടുംബാരോഗ്യ കേന്ദ്രത്തിൽ ആവശ്യത്തിന് ജീവനക്കാരില്ലാത്തതിനാൽ രോഗികൾക്ക് ദുരിതം. ഡോക്ടറെ കാണുന്നതിനും ഫാർമസിയിൽനിന്ന് മരുന്ന് ലഭിക്കുന്നതിനുമായി മണിക്കൂറുകളോളം കാത്തിരിക്കേണ്ട അവസ്ഥയാണ്.
പ്രാഥമികാരോഗ്യ കേന്ദ്രത്തെ കുടുംബാരോഗ്യ കേന്ദ്രമായി ഉയർത്തുമ്പോൾ അഞ്ച് ഡോക്ടർമാർ വേണമെന്നാണ് നിയമം. മൂന്ന് ഡോക്ടർമാരെ ആരോഗ്യവകുപ്പും രണ്ടുപേരെ ഗ്രാമപഞ്ചായത്തുമാണ് നിയോഗിക്കേണ്ടത്. എന്നാൽ ഇവിടെ മൂന്ന് ഡോക്ടർമാർ രേഖകളിൽ ഉണ്ടെങ്കിലും പലപ്പോഴും ഒന്നോ രണ്ടോ പേർ അവധിയിലായിരിക്കും. അല്ലെങ്കിൽ ഡി.എം.ഒ ഓഫീസിലോ മറ്റ് ഒൗദ്യോഗിക ആവശ്യങ്ങളുടെ പേരിലോ ആശുപത്രിയിൽ ഉണ്ടാകില്ല. ചൊവ്വ, ബുധൻ ദിവസങ്ങളിലെല്ലാം ഇവിടെ ഒരു ഡോക്ടറുടെ സേവനമാണ് ഉണ്ടായിരുന്നത്. ഇന്നലെ രണ്ട് പേരുടെ സേവനവും. ഒ.പി ടിക്കറ്റെടുത്ത് മണിക്കൂറുകൾവരെ കാത്തിരുന്ന ശേഷമാണ് ഡോക്ടറെ കാണാൻ കഴിയുന്നത്. മരുന്ന് ലഭിക്കണമെങ്കിലും ഇതേ അവസ്ഥയാണ്.
നഴ്സിംഗ്, ഫാർമസി ജീവനക്കാരും കുറവായതാണ് പ്രശ്നം. ഫാർമസിയിൽ ഒരാൾ മാത്രമാണുള്ളത്. കുട്ടികളും വയോധികരുമെല്ലാം മണിക്കൂറുകളോളം കാത്തിരുന്ന് വിഷമിക്കുകയാണ്.
*ഡോക്ടറെ നിയമിക്കും
രോഗികളുടെ എണ്ണം കൂടിയ സാഹചര്യത്തിൽ ഗ്രാമപഞ്ചായത്തിന്റെ ചെലവിൽ ഒരു ഡോക്ടറെക്കൂടി താത്കാലികമായി നിയമിക്കുമെന്ന് പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സ്നേഹ മോഹനൻ പറഞ്ഞു. എടത്തല, ആലുവ നഗരസഭ ഭാഗത്ത് നിന്നുള്ളവർ കൂടി കീഴ്മാട് എഫ്.എച്ച്.സിയിൽ ചികിത്സ തേടിയെത്തുന്നുണ്ട്. അതിനാലാണ് കൂടുതൽ തിരക്ക് അനുഭവപ്പെടുന്നത്. കഴിഞ്ഞ ബഡ്ജറ്റിൽ പഞ്ചായത്തിലെ രണ്ടാമത്തെ പാലിയേറ്റീവ് യൂണിറ്റിനാണ് ഫണ്ട് അനുവദിച്ചത്. ഇക്കുറി താത്കാലിക ഡോക്ടറെ നിയമിക്കുന്നതിനായിരിക്കും.