തൃക്കാക്കര: കാക്കനാട് എൻ.ജി.ഒ ക്വാർട്ടേഴ്സ് പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ നവീകരണം ചെയർപേഴ്സന്റെ നിർദേശത്തെ തുടർന്ന് ഒഴിവാക്കിയതിനെതിരെ നഗരസഭാ കൗൺസിൽ യോഗത്തിൽ പ്രതിഷേധവുമായി മുസ്ലിം ലീഗ് അംഗം സജീന അക്ബർ രംഗത്തെത്തി.ഇന്നലെ ചേർന്ന കൗൺസിൽ യോഗത്തിലാണ് നാടകീയ രംഗങ്ങൾ അരങ്ങേറിയത്.
കഴിഞ്ഞ 17 ന് ചേരാനിരുന്ന കൗൺസിലിന്റെ അജണ്ടയിൽ പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ നവീകരണത്തിന് 15 ലക്ഷം രൂപയുടെ നിർമ്മാണങ്ങൾക്ക് ഡി.പി.സി അംഗീകാരം നേടിയത് ഉൾപ്പെടുത്തിയിരുന്നു. എന്നാൽ പിന്നീട് ഈ യോഗം മാറ്റിവക്കുകയായിരുന്നു. ഇന്നലെ ചേർന്ന കൗൺസിൽ യോഗത്തിന് മുന്നോടിയായി ഇറങ്ങിയ അജണ്ടയിൽ പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ നവീകരണ സംബന്ധിച്ച വിഷയം ഒഴിവാക്കിയതാണ് വാർഡ് കൗൺസിലറെ ചൊടിപ്പിച്ചത്. തന്റെ വാർഡിലെ പ്രാഥമിക ആരോഗ്യകേന്ദ്ര അജണ്ട ചെയർപേഴ്സൺ ഇടപെട്ട് മാറ്റിവെച്ചത് ഏതു ചട്ടപ്രകാരമാണെന്ന് വ്യക്തമാക്കണമെന്നാവശ്യപ്പെട്ട് കൗൺസിൽ ആരംഭിച്ചയുടൻ സജീന അക്ബർ രംഗത്തുവന്നു. കൗൺസിലിന് ശേഷം മറുപടി പറയാമെന്ന് ചെയർപേഴ്സൺ അജിത തങ്കപ്പൻ പ്രതികരിച്ചെങ്കിലും കൗൺസിലർ പിന്മാറിയില്ല. അതിനിടെ ചെയർപേഴ്സന് പിന്തുണയുമായി കോൺഗ്രസിലെ ഷാജി വാഴക്കാല രംഗത്തുവന്നു. അംഗത്തിന്റെ ചോദ്യത്തിന് മറുപടി പറയുന്നതാണ് ജനാധിപത്യമര്യാദയെന്ന് പ്രതിപക്ഷ കൗൺസിലർമാരായ എം.കെ.ചന്ദ്രബാബു, ജിജോ ചങ്ങംതറ, അജുന ഹാഷിം, റസിയ നിഷാദ്, പി.സി.മനൂപ് എന്നിവർ പറഞ്ഞു. ചെയർപേഴ്സന്റെ നിർദേശപ്രകാരം കൗൺസിൽ അജണ്ട വായിക്കാൻ തുടങ്ങിയതോടെ സജീന അക്ബർ പ്ലക്കാർഡ് പിടിച്ച് നടുത്തളത്തിൽ ഇറങ്ങി പ്രതിഷേധമാരംഭിച്ചു. ലീഗിലെ മറ്റ് കൗൺസിലർമാർ ആരും സജീനക്ക് പിന്തുണയുമായി വന്നില്ലെന്നത് ശ്രദ്ധേയമായി.ഇതിനിടെ 33 അജണ്ടകളിൽ അഞ്ച് അജണ്ടകൾ ഒഴികെ എല്ലാം പാസാക്കിയതായി പ്രഖ്യാപിച്ച് ചെയർപേഴ്സൺ കൗൺസിൽ ഹാൾ വിട്ടു. പിന്നാലെ നഗരസഭാ കവാടത്തിലും ചെയർ പേഴ്സൺന്റെ ഓഫീസിന് മുന്നിലും മുസ്ലിം ലീഗ് കൗൺസിലർ പ്ല കാർഡുമായി കുത്തിയിരിപ്പ് സമരം ആരംഭിച്ചു.പൊതുഫണ്ട് ഇഷ്ടക്കാർക്ക് നൽകുന്നുവെന്ന് പറഞ്ഞ് പ്രതിഷേധവുമായി കോൺഗ്രസ് കൗൺസിലർമാരും രംഗത്തെത്തി. കൗൺസിൽ യോഗം പിരിഞ്ഞശേഷം യു.ഡി.എഫിനെ പിന്തുണയ്ക്കുന്ന അംഗം ഷാന അബ്ദു രജിസ്റ്ററിൽ ഒപ്പിട്ടതായി ആരോപിച്ച് എൽ.ഡി.എഫ് അംഗം കെ.എക്സ് സൈമൺ നഗരസഭാ സെക്രട്ടറിക്ക് പരാതി നൽകി.