pipe-line-
പൈപ്പ് പൊട്ടിയത് ശരിയാക്കുന്നു (ഫയൽ ചിത്രം)

പറവൂർ: പറവൂർ സെക്ഷനിൽ കഴിഞ്ഞ ആറ് വർഷത്തിനുള്ള 121 തവണ കുടിവെള്ള പൈപ്പ് പൊട്ടി. കൂടുതലും പ്രധാന റോഡുകളിലാണ് പൈപ്പ് പൊട്ടിയത്. വാട്ടർ അതോറിട്ടി 47.07 ലക്ഷം രൂപ അറ്റകുറ്റപ്പണികൾക്കായി ചെലവഴിച്ചു. 2016 മേയ് മുതൽ 2022 ജൂൺ വരെയുള്ള കണക്കാണിത്. വിവരവകാശപ്രകാരം ലഭിച്ച രേഖകളിലാണ് വിവരങ്ങൾ ലഭിച്ചത്. പൈപ്പ് പൊട്ടുന്നയിടങ്ങളിലെല്ലാം റോഡുകളും തകർന്നിട്ടുണ്ട്. ഇത് നന്നാക്കാനായി ലക്ഷങ്ങൾ വേറെയും ചെലവഴിച്ചിട്ടുണ്ട്. കുടിവെള്ളം നഷ്ടപ്പെട്ടതിലും വാട്ടർ അതോറിട്ടിക്ക് വലിയ നഷ്ടമുണ്ട്. പറവൂർ സബ് ഡിവിഷന് കീഴിൽ ഞാറയ്ക്കൽ, പറവൂർ, മുപ്പത്തടം സെക്ഷനുകൾ ഉണ്ട്. ഇക്കാലയളവിൽ മുപ്പത്തടം സെക്ഷന് കീഴിൽ 19തവണ പൈപ്പ് പൊട്ടി. ഇവയുടെ അറ്റകുറ്റപ്പണികൾക്കായി 5.10ലക്ഷം ചെലവാക്കി. ഞാറക്കൽ സെക്ഷനിൽ നാലുതവണ പൈപ്പ് പൊട്ടിയപ്പോൾ ചെലവാക്കിയത് 71,301 രൂപയാണ്. കാലപ്പഴക്കം ചെന്ന പൈപ്പുകളാണ് പൊട്ടുന്നതിലേറെയും. മൂന്നും നാലും പതിറ്റാണ്ടുകൾ പഴക്കമുള്ള പൈപ്പുകളിലൂടെയാണ് പല സ്ഥലങ്ങളിലേക്കും ഇപ്പോഴും കുടിവെള്ളം പമ്പ് ചെയ്യുന്നത്. ഇവ സമയബന്ധിതമായി മാറ്റിയിടാൻ അധികൃതർ നടപടിയെടുക്കാത്തതാണ് കാരണം. വടക്കേക്കര, ചിറ്റാറ്റുകര, പഞ്ചായത്തുകളിലേക്ക് കുടിവെള്ളമെത്തിക്കാൻ ജല അതോറിട്ടിയിൽനിന്ന് മുനിസിപ്പൽ കവലവരെയും ടൗൺഹാളിന് സമീപത്തുനിന്ന് പറവൂർപാലം വരെയും പുതിയ പൈപ്പിട്ടിട്ടുണ്ട്. ഈ പൈപ്പുകൾ തമ്മിൽ മുനിസിപ്പൽ കവലയിൽ ദേശീയപാത പൊളിച്ച് യോജിപ്പിക്കാൻ കഴിഞ്ഞിട്ടില്ല. ഇപ്പോഴും പഴയ പൈപ്പിലൂടെയാണ് വെള്ളം പമ്പുചെയ്യുന്നത്. ഡിസംബർ പകുതിയോടെ പുതിയ പൈപ്പുകൾ തമ്മിൽ യോജിപ്പിക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് ജലഅതോറിട്ടി അധികൃതർ.